ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാർക്കും 2025 ഒക്ടോബർ 1 മുതൽ ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് നിർബന്ധമാക്കി. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനും ക്ലിയറൻസ് വേഗത്തിലാക്കാനുമാണ് കേന്ദ്ര സർക്കാർ ഈ പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായ പേപ്പർ ഫോമുകൾക്ക് പകരമാണ് ഈ ഡിജിറ്റൽ ‘ഇ-അറൈവൽ കാർഡ്’ പ്രാബല്യത്തിൽ വന്നത്. ഈ കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്ത യാത്രക്കാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശ യാത്രക്കാർ തങ്ങളുടെ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ഡിജിറ്റൽ ഡിസെംബാർക്കേഷൻ കാർഡ് ഓൺലൈനായി സമർപ്പിക്കണം. ഇത് പൂരിപ്പിക്കാനായി പ്രത്യേക വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ഔദ്യോഗിക പോർട്ടലായ indianvisaonline.gov.in സന്ദർശിക്കുക. Visa Suswagatam എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും യാത്രക്കാർക്ക് വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
ഈ ഓൺലൈൻ ഫോം പൂരിപ്പിക്കാൻ പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ഉദ്ദേശ്യം, ഇന്ത്യയിലെ വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മതിയാകും. യാതൊരു രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
വിനോദസഞ്ചാരികൾ, ബിസിനസ് സന്ദർശകർ, മെഡിക്കൽ ആവശ്യങ്ങൾക്കായി വരുന്നവർ എന്നിവരടക്കമുള്ള ഇന്ത്യയിലെത്തുന്ന എല്ലാ വിദേശ പൗരന്മാർക്കും ഈ ഡിജിറ്റൽ ഫോം നിർബന്ധമാണ്. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും, യാത്രക്കാരുടെ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഈ പരിഷ്കാരം സഹായിക്കും. ഫോം സമർപ്പിച്ചു കഴിഞ്ഞാൽ യാത്രക്കാർക്ക് ലഭിക്കുന്ന സ്ഥിരീകരണ സന്ദേശം ഡിജിറ്റലായോ പ്രിന്റ് എടുത്തോ സൂക്ഷിക്കാവുന്നതാണ്.
ഡിജിറ്റൽ ഡിസെംബാർക്കേഷൻ കാർഡ് ഇല്ലാതെ വരുന്ന യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ കർശനമായി അറിയിച്ചു. വിമാനത്താവളത്തിലെത്തി അധിക ഇമിഗ്രേഷൻ ക്ലിയറൻസ് നടപടികൾ നേരിടുന്നത് ഒഴിവാക്കാനും യാത്ര തടസ്സമില്ലാതെ പൂർത്തിയാക്കാനും യാത്രയ്ക്ക് മുൻപ് തന്നെ ഈ ഡിജിറ്റൽ നടപടിക്രമം പൂർത്തിയാക്കിയിരിക്കണം. അതേസമയം, ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്കും ഈ ഡിജിറ്റൽ കാർഡ് നിർബന്ധമില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No entry into India without ‘Digital Disembarkation’ card: Overseas Indians warned



