ഒട്ടാവ: ഓർലിയൻസിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓ-ട്രെയിൻ കിഴക്കൻ പാതയുടെ (East Extension) ഉദ്ഘാടനം അടുത്ത വർഷം ആദ്യം ഉണ്ടാകുമെന്ന് അധികൃതർ. ബ്ലെയർ സ്റ്റേഷനിൽ നിന്ന് ട്രിം സ്റ്റേഷൻ വരെ നീളുന്ന പാതയുടെ നിർമ്മാണവും പരീക്ഷണ ഓട്ടവും അവസാന ഘട്ടത്തിലാണെങ്കിലും, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ട്രാൻസിറ്റ് സർവീസസ് ജനറൽ മാനേജർ ട്രോയ് ചാർട്ടർ അറിയിച്ചു.
ട്രാൻസിറ്റ് കമ്മിറ്റിക്ക് മുന്നിലാണ് പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ ചാർട്ടർ അവതരിപ്പിച്ചത്. “ടെസ്റ്റിംഗ്, കമ്മീഷനിംഗ് ജോലികളിൽ ഞങ്ങൾ വലിയ പുരോഗതി കൈവരിച്ചു. സുരക്ഷയിലും വിശ്വാസ്യതയിലും ഒരു വിട്ടുവീഴ്ചയുമില്ല. തിടുക്കപ്പെട്ട് പദ്ധതി തുറക്കില്ല,” അദ്ദേഹം പറഞ്ഞു. എല്ലാം കൃത്യമായി പൂർത്തിയാക്കിയ ശേഷം 2026-ലെ ആദ്യ പാദത്തിൽ (ജനുവരി മുതൽ മാർച്ച് വരെ) സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഈ വർഷം അവസാനത്തോടെ ലൈൻ തുറക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ റെയിൽവേ പാതയിലെയും കോൺക്രീറ്റ് ജോലികളിലെയും ചില പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. ഇത് പൂർത്തിയാക്കിയ ശേഷം, കുറഞ്ഞത് 21 ദിവസം നിർബന്ധിത പരീക്ഷണ ഓട്ടം നടത്തും. ഈ സമയം ട്രെയിൻ, സിസ്റ്റം, ജീവനക്കാർ എന്നിവയുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തും.
അതേസമയം, കോവിഡ് കാലത്തിന് ശേഷം ഓ-ട്രെയിനിലെയും ബസുകളിലെയും യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത്. എങ്കിലും, ബസ് സർവീസുകളുടെ കൃത്യത 98.4 ശതമാനത്തിൽ നിന്ന് 97.3 ശതമാനമായി കുറഞ്ഞതായി അധികൃതർ വ്യക്തമാക്കി. ആവശ്യത്തിന് ബസുകളോ ജീവനക്കാരോ ഇല്ലാത്തതും യന്ത്രത്തകരാറുകളുമാണ് പല സർവീസുകളും മുടങ്ങാൻ കാരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No compromise on safety; O-Train Eastern Line to open by March 2026



