സെന്റ് ജോൺസ്: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ മുന്നോടിയായി പ്രവിശ്യയിൽ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ സജീവമാകുന്നതായി ന്യൂഫൗണ്ട്ലാൻഡ് ലബ്രഡോർ സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിസംബർ 4 മുതൽ വിവിധ തട്ടിപ്പുകളെ സംബന്ധിച്ച രണ്ട് ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചത്. വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ സേവന പോർട്ടലായ ‘MyGovNL’-ൽ നിന്നെന്ന വ്യാജേന ലഭിക്കുന്ന ടെക്സ്റ്റ് മെസേജുകളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് സർക്കാർ വെബ്സൈറ്റിന് സമാനമായ വ്യാജ സൈറ്റിലെത്തിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ സർക്കാർ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ ചുമതലയുള്ള മന്ത്രി മൈക്ക് ഗൂസ്‌നി അറിയിച്ചു.
മറ്റൊരു പ്രധാന തട്ടിപ്പ് മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ളതാണ്. പ്രീമിയർ ടോണി വേക്കാം പ്രത്യേക ബോണസ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഫോൺ വിളിക്കുന്നത്. മുതിർന്ന പൗരന്മാരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് വ്യക്തിഗത വിവരങ്ങളും ബാങ്ക് രേഖകളും ഇവർ കൈക്കലാക്കുന്നു. ഇത്തരം ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ സംഭാഷണം അവസാനിപ്പിക്കണമെന്നും യാതൊരു വിവരവും പങ്കുവെക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
തട്ടിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ അത് ഉടൻ തന്നെ 7726 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് സർവീസ് പ്രൊവൈഡറെ അറിയിക്കണം. തുടർന്ന് മെസേജ് ഡിലീറ്റ് ചെയ്യുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും വേണം. ഇത്തരം സംഭവങ്ങൾ പ്രാദേശിക പോലീസിലോ (RNC/RCMP) കനേഡിയൻ ആന്റി ഫ്രോഡ് സെന്ററിലോ റിപ്പോർട്ട് ചെയ്യണം. തട്ടിപ്പുകാരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊതുജനങ്ങളിൽ അവബോധം വളർത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും സർക്കാർ അറിയിച്ചു.
nl-text-phone-scam
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



