ആശ്വാസ നിമിഷം; യെമനിലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ
യെമനിൽ കൊലപാതകക്കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചു. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്ന് മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്.
നേരത്തെ, ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കൊല്ലപ്പെട്ടയാളിന്റെ കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും.
യെമൻ പൗരനായ തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണ് നിമിഷ പ്രിയ അറസ്റ്റിലായത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച സഹപ്രവർത്തകയും പിടിയിലായിരുന്നു. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന ആളാണ് തലാൽ. എന്നാൽ , പിന്നീട് പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു. താലാലിന്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. കൂട്ടുപ്രതിയായ യെമനി യുവതിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു.


