നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരിൽ രേഖപ്പെടുത്തിയത്. പോളിംഗ് 73.26%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
പ്രചാരണത്തിൽ കണ്ട ആവേശം ബൂത്തുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ നിർണായകമായി. പോളിംഗ് ആരംഭിക്കുന്നതിനു മുൻപേ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. 59 ബൂത്തുകൾ അധികം സജ്ജീകരിച്ചത് വോട്ടിങ്ങിന് വലിയ തോതിൽ ഗുണമായി. ഗുരുതരമായ യന്ത്ര തകരാറുകൾ എവിടെയും റിപ്പോർട്ട് ചെയ്തില്ല. നാലു ബൂത്തുകളിലെ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിച്ചു. ഇതിനിടെ വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ ചുങ്കത്തറ കുറുമ്പലങ്ങോട് രണ്ട് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറിയില്ലെന്നായിരുന്നു ഇടതുപക്ഷ വിശദീകരണം. മറ്റ് അനിഷ്ട സംഭവങ്ങൾ ഇല്ല.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണെങ്കിലും പി.വി.അൻവർ പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന ആശയക്കുഴപ്പം അവസാനനിമിഷവും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



