ന്യൂയോർക്ക്: നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കൻ മണ്ണിൽ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത (54) യുഎസ് കോടതിയിൽ കുറ്റം സമ്മതിച്ചു. വാടകക്കൊലയാളിയെ ഏർപ്പാടാക്കൽ, കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് നിഖിൽ ഗുപ്ത സമ്മതിച്ചിരിക്കുന്നത്. കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പരമാവധി 40 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിലാണിത്. ന്യൂയോർക്കിലെ കോടതി മെയ് 29-ന് കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും.
ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് നിഖിൽ ഗുപ്തയുടെ വെളിപ്പെടുത്തൽ. ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് 2024 ജൂണിൽ അമേരിക്കയ്ക്ക് കൈമാറിയത് മുതൽ ബ്രൂക്ലിനിലെ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ കേസിൽ, നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തിയതിനോട് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുന്ന പൗരന്മാരെ ലക്ഷ്യമിടുന്ന വിദേശശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എഫ്‌ബിഐ അസിസ്റ്റന്റ് ഡയറക്ടർ ജെയിംസ് സി. ബാർണക്കിൾ ജൂനിയർ വ്യക്തമാക്കി. അമേരിക്കൻ ഏജൻസികളുടെ കുറ്റപത്രം പ്രകാരം, റോ (RAW) ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവാണ് പന്നൂനെ വധിക്കാൻ നിഖിൽ ഗുപ്തയെ നിയോഗിച്ചത്.
കൊലപാതകത്തിനായി ഒരു ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഗുപ്ത ബന്ധപ്പെട്ടത് അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (DEA) രഹസ്യ ഏജന്റുമാരുമായായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2023-ലെ അമേരിക്കൻ സന്ദർശന വേളയിൽ വധശ്രമം ഒഴിവാക്കണമെന്ന് ഗുപ്ത നിർദേശിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഇന്ത്യ നേരത്തെ ഉത്തരവിട്ടിരുന്നു. വികാസ് യാദവ് നിലവിൽ സർക്കാർ സർവീസിൽ ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം.
nikhil-gupta-pleads-guilty-in-pannun-plot-raising-india-us-diplomatic-tensions-prnt
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



