നയാഗ്ര : തെക്കൻ ഒന്റാറിയോയിൽ ആഴ്ച്ചകളായി തുടരുന്ന അതിശൈത്യവും പോളാർ വോർട്ടക്സും (Polar Vortex) നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം മഞ്ഞുപാളികളാൽ മൂടപ്പെടാൻ കാരണമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച്ച താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ വെള്ളച്ചാട്ടത്തിന് താഴെയും പരിസരത്തുള്ള മരങ്ങളിലും വലിയ തോതിൽ മഞ്ഞുപാളികൾ രൂപപ്പെട്ടു. 2015-ന് ശേഷം നയാഗ്രയിൽ ദൃശ്യമാകുന്ന ഏറ്റവും മികച്ച മഞ്ഞ് പ്രതിഭാസമാണിതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഐസ് കണ്ടീഷനാണ് ഇപ്പോൾ വെള്ളച്ചാട്ടത്തിലുള്ളതെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ സിഇഓ ഡേവിഡ് ആഡംസ് വ്യക്തമാക്കി. തണുപ്പ് കഠിനമാണെങ്കിലും ലണ്ടൻ, ഒഷാവ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി വിനോദസഞ്ചാരികളാണ് ഈ പ്രതിഭാസം കാണാൻ വെള്ളച്ചാട്ടത്തിന് സമീപം എത്തുന്നത്. അമേരിക്കൻ വെള്ളച്ചാട്ടത്തിന് താഴെ വലിയ മഞ്ഞുക്കുന്നുകൾ രൂപപ്പെട്ടതായും പ്രദേശത്തെ മരങ്ങൾ മഞ്ഞിൽ പൊതിഞ്ഞ നിലയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശൈത്യകാലത്ത് മിനിറ്റിൽ ഏകദേശം 8.5 കോടി ലിറ്റർ വെള്ളം ഒഴുകുന്നതിനാൽ വെള്ളച്ചാട്ടം പൂർണ്ണമായും മരവിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തിൽ 1848-ൽ മാത്രമാണ് മഞ്ഞുക്കട്ടകൾ തടസ്സപ്പെട്ട് വെള്ളച്ചാട്ടം പൂർണ്ണമായും നിലച്ചത്. അമേരിക്കയെയും കാനഡയെയും ബന്ധിപ്പിച്ച് വെള്ളച്ചാട്ടത്തിന് താഴെ താൽക്കാലിക മഞ്ഞ് പാലം രൂപപ്പെട്ടിട്ടുണ്ടെങ്കിലും, 1912-ലുണ്ടായ അപകടത്തെത്തുടർന്ന് ഇതിലൂടെയുള്ള സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച്ച താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് പ്രവചനമുണ്ടെങ്കിലും, നിലവിൽ രൂപപ്പെട്ട വലിയ മഞ്ഞുപാളികൾ വരും മാസങ്ങളിലും നിലനിൽക്കുമെന്ന് ഡേവിഡ് ആഡംസ് അറിയിച്ചു. വരാനിരിക്കുന്ന ഫാമിലി ഡേ അവധി ആഘോഷിക്കാൻ എത്തുന്നവർക്ക് ഈ മഞ്ഞുകാഴ്ച്ചകൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയാഗ്ര വെള്ളച്ചാട്ടത്തിലെ ഈ മാറ്റങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Niagara freezes in extreme cold; rare phenomenon seen since 2015



