നയാഗ്ര: രാജ്യമൊട്ടാകെ വീശിയടിച്ച ശീതക്കാറ്റിലും അതിശൈത്യത്തിലും നയാഗ്ര വെള്ളച്ചാട്ടം മഞ്ഞിൽ പുതച്ചു. വെള്ളച്ചാട്ടത്തിന്റെ കനേഡിയൻ ഭാഗം പൂർണ്ണമായും തണുത്തുറഞ്ഞ നിലയിലാണെങ്കിലും, ഉപരിതലത്തിലെ മഞ്ഞുപാളികൾക്കും ഐസ് കട്ടകൾക്കും താഴെയായി വെള്ളം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് നയാഗ്ര പാർക്സ് അധികൃതർ അറിയിച്ചു.
നയാഗ്ര വെള്ളച്ചാട്ടം പൂർണ്ണമായും തണുത്തുറയുക എന്നത് അസാധ്യമായ കാര്യമാണ്. ചരിത്രത്തിൽ ഒരേയൊരു തവണ മാത്രമാണ് ഇത്തരമൊരു പ്രതിഭാസം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1848-ൽ ഏകദേശം 30 മണിക്കൂർ നേരം ജലപ്രവാഹം പൂർണ്ണമായും നിലയ്ക്കുകയും വെള്ളച്ചാട്ടം ഐസ് കട്ടയായി മാറുകയും ചെയ്തിരുന്നു. അന്ന് സന്ദർശകർ നയാഗ്ര നദിക്ക് കുറുകെ രൂപപ്പെട്ട ഐസ് പാലത്തിലൂടെ നടന്നുപോയി ഈ അത്ഭുതക്കാഴ്ച കണ്ടിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇത് അങ്ങേയറ്റം അപകടകരമായ ഒന്നാണ്.
നിലവിൽ നയാഗ്ര പവർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള Ice Boom വലിയ ഐസ് പാളികൾ രൂപപ്പെടുന്നത് നിയന്ത്രിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഈ മനോഹരമായ കാഴ്ച ആസ്വദിക്കാൻ നയാഗ്ര പാർക്സ് പവർ സ്റ്റേഷനിലെ തുരങ്കം ഉൾപ്പെടെയുള്ള നിരവധി നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. തണുത്തുറഞ്ഞ നയാഗ്രയുടെ ദൃശ്യങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Niagara Falls partially frozen after sub-zero temperatures



