ന്യൂഫൗണ്ട്ലാൻഡ്: ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയെ ‘മരവിച്ചുപോയ ദ്വീപ്’ എന്ന് വിശേഷിപ്പിച്ച പീപ്പിൾ മാഗസിൻ്റെ വാർത്തയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി ടൂറിസം മന്ത്രി ആൻഡ്രിയ ബാർബർ. കഴിഞ്ഞ ദിവസം വഴിതിരിച്ചുവിട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ യാത്രക്കാർ കുടുങ്ങിയതുമായി ബന്ധപ്പെട്ടാണ് മാഗസിൻ ഇത്തരമൊരു തലക്കെട്ട് നൽകിയത്. ഒരു മെഡിക്കൽ എമർജൻസിയെത്തുടർന്ന് സെൻ്റ് ജോൺസിൽ ഇറക്കിയ വിമാനത്തിലെ 255 യാത്രക്കാർക്ക് സാങ്കേതിക തകരാർ മൂലം രണ്ട് ദിവസമാണ് അവിടെ ചെലവഴിക്കേണ്ടി വന്നത്. ഈ സാഹചര്യത്തെ വിവരിക്കാൻ ‘ഫ്രീസിംഗ് കനേഡിയൻ ഐലൻഡ്’ എന്ന വാചകം ഉപയോഗിച്ചത് പ്രവിശ്യയുടെ അന്തസ്സിനെ ഇല്ലാതാക്കുന്നതാണെന്ന് മാഗസിൻ അധികൃതർക്ക് അയച്ച കത്തിൽ മന്ത്രി വ്യക്തമാക്കി.
ന്യൂഫൗണ്ട്ലാൻഡിൽ തണുപ്പുള്ളത് സ്വാഭാവികമാണെന്നും എന്നാൽ അത് ആ നാടിൻ്റെ മാത്രം അടയാളമല്ലെന്നും മന്ത്രി പറഞ്ഞു. വിദേശ മാധ്യമങ്ങൾ നൽകിയ നെഗറ്റീവ് വാർത്തകൾക്കെതിരെ പ്രദേശവാസികളും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. 9/11 ഭീകരാക്രമണ സമയത്ത് വിമാനങ്ങൾ കൂട്ടത്തോടെ ഇറങ്ങിയപ്പോൾ ഇവിടുത്തെ ജനങ്ങൾ കാണിച്ച സ്നേഹവും കരുതലും ലോകപ്രശസ്തമാണെന്ന് ഇവർ ഓർമ്മിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലെത്തിക്കാനും അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കാനും ഹോട്ടൽ ജീവനക്കാരും നാട്ടുകാരും അർധരാത്രിയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ന്യൂഫൗണ്ട്ലാൻഡിൻ്റെ ആതിഥ്യമര്യാദ നേരിട്ടറിയാൻ മാഗസിൻ പ്രതിനിധികളെ മന്ത്രി ബാർബർ ക്ഷണിക്കുകയും ചെയ്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Newfoundland’s tourism minister claps back at ‘freezing island’ People Magazine headline




