ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിൽ കാട്ടുതീ പരടരുന്നതിനെ തുടർന്ന് 13,000-ത്തിലധികം ആളുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. സെന്റ് ജോൺസിന് തെക്ക് ഭാഗത്തുള്ള പാഡിസ് പോണ്ട് പ്രദേശത്ത് തിങ്കളാഴ്ചയാണ് കാട്ടുതീ പടർന്നത്. പ്രീമിയർ ജോൺ ഹോഗൻ, സെന്റ് ജോൺസിന് തെക്കുപടിഞ്ഞാറുള്ള പാരഡൈസ്, കൺസെപ്ഷൻ ബേ സൗത്ത് എന്നീ ടൗണുകളിലെ ആളുകളോട് ഒഴിപ്പിക്കലിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞത് 72 മണിക്കൂറെങ്കിലും വീടിന് പുറത്ത് കഴിയാനുള്ള അത്യാവശ്യ സാധനങ്ങൾ ഒരുക്കിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാഡിസ് പോണ്ടിൽ ആരംഭിച്ച തീ 2 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്തേക്ക് പടർന്നു. തീ അണയ്ക്കാൻ നാല് വാട്ടർ ബോംബറുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തം ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹൈഡ്രോയുടെ വൈദ്യുതി ലൈനുകൾക്ക് സമീപത്തുകൂടിയാണ് പടർന്നതെങ്കിലും ഇതുവരെ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പ്രവിശ്യയിൽ അഞ്ച് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നുണ്ട്. കിംഗ്സ്റ്റണിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച 52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാട്ടുതീയാണ് ഏറ്റവും വലുത്. ഈ തീപിടിത്തം കാരണം ഏകദേശം 3,000 ആളുകളെ ഒഴിപ്പിച്ചിരുന്നു.
ന്യൂ ബ്രൺസ്‌വിക്കിൽ രണ്ട് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നുണ്ട്. മോൺക്ടണിന് വടക്കുള്ള പ്രദേശത്തെ ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകുന്നതിന്തയ്യാറെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി 14 എയർ ടാങ്കറുകളും 3 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. കൂടാതെ, പി.ഇ.ഐ., മെയ്ൻ, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ അഗ്നിശമന സേനാംഗങ്ങൾ സഹായത്തിനെത്തിയിട്ടുണ്ട്
ജൂൺ, ജൂലൈ മാസങ്ങളിൽ കാനഡയിലെ മിക്ക സ്ഥലങ്ങളിലും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. ഈ കാലയളവിൽ സെന്റ് ജോൺസിന് സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നും ഹാലിഫാക്സിൽ 40 ശതമാനവും മാത്രമാണ് ലഭിച്ചത്. കാനഡയിലെ 56 ശതമാനം അറ്റ്ലാന്റിക് പ്രദേശങ്ങളും അസാധാരണമായി വരണ്ടതാണെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.
New fire roars south of Newfoundland’s largest city



