ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹൗസിംഗ് കോർപ്പറേഷൻ (NLHC) പ്ലസന്റ്‌വില്ലെയിൽ 40 ഫ്ലാറ്റുകളുള്ള പുതിയൊരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. സെന്റ് ജോൺസ് പ്ലേസിലെ ചാർട്ടർ അവന്യൂവിന് സമീപമാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. നഗരത്തിൽ കൂടുതൽ ആളുകൾക്ക് താങ്ങാനാവുന്നതും, എല്ലാവർക്കും ലഭ്യമാവുന്നതുമായ ഭവന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ കെട്ടിടത്തിൽ 1BHK, 2BHK എന്നിങ്ങനെയുള്ള ഫ്ലാറ്റുകളാണ് ഉണ്ടാവുക. കൂടാതെ, ഭാവിയിലെ വാണിജ്യ, സഹായ സേവനങ്ങൾക്കായി താഴത്തെ നിലയിൽ പ്രത്യേക സ്ഥലവും മാറ്റിവെച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഒരു പ്രധാന ആകർഷണം എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന രൂപകൽപ്പനയാണ്. എട്ട് ഫ്ലാറ്റുകൾ പൂർണ്ണമായും വീൽചെയർ ഉപയോഗിക്കുന്ന ആളുകൾക്കായി സജ്ജീകരിക്കും. അതുവഴി, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതവും, സൗകര്യപ്രദവുമായ താമസസ്ഥലം ഉറപ്പാക്കാൻ സാധിക്കും.
പ്രവിശ്യയിലുടനീളമുള്ള ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് എൻഎൽ ഹൗസിംഗ് കോർപ്പറേഷൻ വ്യക്തമാക്കി. പ്രത്യേകിച്ചും, ദുർബലരും പ്രായമായവരുമായ ആളുകൾക്ക് ഇത് ഏറെ സഹായകമാകും. താമസക്കാർക്ക് പിന്തുണ നൽകുന്ന സേവനങ്ങൾ ലഭ്യമാക്കി, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹമെന്ന വിശാലമായ ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്.
അടുത്ത മാസം നിർമ്മാണ കരാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറുകാരനെ തിരഞ്ഞെടുത്ത ശേഷം പദ്ധതിയുടെ സമയരേഖയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എൻഎൽ ഹൗസിംഗ് അറിയിച്ചു.



