ന്യൂയോർക്ക്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ഒരു പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ഏകപക്ഷീയമായ ഈ സൈനിക നീക്കം നഗ്നമായ ‘യുദ്ധപ്രഖ്യാപനം’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് മംദാനി തന്റെ ശക്തമായ വിയോജിപ്പ് അറിയിച്ചു. ഭരണമാറ്റത്തിനായുള്ള ഇത്തരം ശ്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ന്യൂയോർക്കിലെ പതിനായിരക്കണക്കിന് വെനിസ്വേലൻ നിവാസികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാരക്കാസിൽ യുഎസ് സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിനിടയിലാണ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും പിടിയിലായത്. ഇരുവരെയും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ വിചാരണ ചെയ്യുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനിസ്വേലയിൽ നിലവിൽ താൽക്കാലിക ഭരണം യുഎസ് ഏറ്റെടുത്തിരിക്കുകയാണ്. ഒരു സുരക്ഷിത ഭരണകൈമാറ്റം നടക്കുന്നത് വരെ രാജ്യം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈന്യവും നിയമപാലകരും സംയുക്തമായാണ് അതിസാഹസികമായ ഈ നീക്കം നടത്തിയത്.
മയക്കുമരുന്ന് ഭീകരവാദം, കൊക്കെയ്ൻ കടത്ത്, മാരകായുധങ്ങൾ കൈവശം വെയ്ക്കൽ തുടങ്ങി നാല് പ്രധാന കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കക്കാരുടെ ജീവിതം നശിപ്പിക്കാൻ മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് മഡുറോ ഗൂഢാലോചന നടത്തിയെന്ന് വാഷിംഗ്ടൺ ആരോപിക്കുന്നു. യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി സോഷ്യൽ മീഡിയയിലൂടെയാണ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പിടികൂടിയ ദമ്പതികളെ ഇതിനകം തന്നെ ന്യൂയോർക്കിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയുടെ സൈനിക നടപടിയെ വെനിസ്വേലൻ സർക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ പ്രകൃതിവിഭവങ്ങളും എണ്ണശേഖരവും കൊള്ളയടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. വെനിസ്വേലയിലെ തകർന്ന എണ്ണ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ അമേരിക്കൻ എണ്ണക്കമ്പനികൾ ഉടൻ രാജ്യത്തേക്ക് നീങ്ങുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വെനിസ്വേലയുടെ ഭരണഘടനാ സമിതി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിർദ്ദേശിച്ചു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ യുഎസ് ഇടപെടലുകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. വിദേശമണ്ണിലെ ഈ ഭരണമാറ്റ നീക്കം ന്യൂയോർക്ക് നഗരത്തിലെ സമാധാനത്തെ ബാധിക്കുമോ എന്ന് തന്റെ ഭരണകൂടം നിരീക്ഷിച്ചു വരികയാണെന്ന് മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ വംശജനായ മംദാനി ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Opposition to Maduro’s arrest; New York Mayor Sohran Mandani sharply criticizes Trump



