കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലേക്ക് തൊഴിൽ ഓഫറുകളിലൂടെ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) തൊഴിൽ ഓഫർ സ്ട്രീമുകളിലേക്ക് വിദേശികൾക്ക് നേരിട്ട് അപേക്ഷിക്കാനുള്ള അവസരം ജൂലൈ 2 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമമനുസരിച്ച്, കുടിയേറ്റത്തിനായുള്ള അപേക്ഷാ പ്രക്രിയ ഇനി തൊഴിലുടമകൾ മുൻകൈയെടുത്ത് നടത്തേണ്ട ഒന്നായി മാറും. ഇത് ഒന്റാറിയോയിലേക്കുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും.
പുതിയ മാറ്റങ്ങൾ അനുസരിച്ച്, OINP ജൂലൈ 2-ന് ഒരു പുതിയ ഓൺലൈൻ തൊഴിലുടമ പോർട്ടൽ തുറക്കും. ഈ പോർട്ടലിലൂടെ തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനത്തിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് OINP-യെ അറിയിക്കാം. അതിനുശേഷം മാത്രമേ ഉദ്യോഗാർത്ഥികൾക്ക് അവരുടെ Expression of Interest (EOI) അഥവാ താൽപ്പര്യപത്രം സമർപ്പിക്കാൻ സാധിക്കു. മുമ്പ്, അപേക്ഷകർക്കായിരുന്നു ആദ്യം EOI ആരംഭിക്കാനും പിന്നീട് തൊഴിലുടമയോട് അനുബന്ധ ഫോമുകൾ പൂരിപ്പിക്കാനും ആവശ്യപ്പെടേണ്ടിയിരുന്നത്. ഈ മാറ്റങ്ങൾ Employer Job Offer: Foreign Worker stream, Employer Job Offer: International Student stream, Employer Job Offer: In-Demand Skills stream എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളെ നേരിട്ട് ബാധിക്കും.
പുതിയ സംവിധാനം വരുന്നതിന് മുന്നോടിയായി ചില താൽക്കാലിക മാറ്റങ്ങളും ഉണ്ടാകും. ജൂൺ 20 മുതൽ ജൂലൈ 2 വരെ പുതിയ EOIs സ്വീകരിക്കില്ല. നിലവിലുള്ള EOIs ജൂൺ 21-നും 22-നും അസാധുവാകും. ജൂൺ 27 മുതൽ 29 വരെ OINP-യുടെ ഓൺലൈൻ സംവിധാനം ലഭ്യമായിരിക്കില്ല. ജൂലൈ 2 മുതൽ തൊഴിലുടമകൾക്ക് പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ജോലി ഒഴിവുകൾ രേഖപ്പെടുത്താനും സാധിക്കും. മുൻപ് EOI സമർപ്പിച്ചവർക്ക് തൊഴിലുടമകളുടെ സഹായത്തോടെ അവരുടെ വിവരങ്ങൾ പുതുക്കാനും സാധിക്കും. പുതിയ EOIs 12 മാസത്തേക്ക് സാധുവായിരിക്കുമെന്നും OINP വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, കുടിയേറ്റ പ്രക്രിയയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ചില പുതിയ നയങ്ങളും വരുന്നുണ്ട്. OINP ഉദ്യോഗസ്ഥർക്ക് അപേക്ഷകരെ നേരിട്ട് അഭിമുഖം നടത്താൻ അനുമതി നൽകുന്നതായിരിക്കും. വ്യാജ തൊഴിൽ പരസ്യങ്ങൾ തടയാൻ ജോബ് പോസ്റ്റിംഗ് പ്ലാറ്റ്ഫോമുകളിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുണ്ട്. തൊഴിലുടമകൾക്ക് ഉദ്യോഗാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ കണിശമായ സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഈ മാറ്റങ്ങൾ ഒന്റാരിയോയിലേക്കുള്ള കുടിയേറ്റ പ്രക്രിയയിൽ ഒരു പുതിയ അധ്യായത്തിന് വഴി തുറക്കും. കൂടുതൽ വിവരങ്ങൾ OINP-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.



