ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ (യുബിസി) സ്ട്രക്ചറൽ എഞ്ചിനീയറിംഗ് പ്രൊഫസർ ടോണി യാംഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഉയർന്ന കെട്ടിടങ്ങൾക്കായി വലിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു പുതിയ ഷോക്ക് അബ്സോർപ്ഷൻ സംവിധാനം വികസിപ്പിച്ചിരിക്കുന്നു. പരമ്പരാഗത കെട്ടിടങ്ങൾ ദൃഢമായ കോൺക്രീറ്റ് കോറുകളെ ആശ്രയിക്കുമ്പോൾ, ഈ പുതിയ സംവിധാനം, ഭൂകമ്പം വരുമ്പോൾ അതിന്റെ ആഘാതം കുറയ്ക്കാൻ ഡാമ്പറുകളും റോക്കിംഗ് ഫൗണ്ടേഷനുകളും പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇത് ഒരു കാറിന്റെ ഷോക്ക് അബ്സോർബറുകൾക്ക് സമാനമാണ്. ഈ ഡിസൈൻ താമസക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതോടൊപ്പം ഭൂകമ്പത്തിന് ശേഷമുള്ള നാശനഷ്ടങ്ങളും ചെലവുകളും കുറക്കാനും സഹായകമാകും.
ശക്തമായ 9 റിക്ടർ നിലയിലെ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട കൃത്രിമ പരീക്ഷണങ്ങൾ ഷാങ്ഹായിൽ വിജയകരമായി നടത്തി. 100-ലധികം പരിശീലന ഭൂകമ്പങ്ങൾക്ക് ശേഷവും യു.ബി.സി യുടെ മാതൃക പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നു. ഇത് നിർമാണം ലഘൂകരിക്കുകയും കൂടുതൽ ഉപയോഗ യോഗ്യമായ സ്ഥലം ലഭ്യമാക്കുകയും ചെയ്യുന്നു. ഈ സംവിധാനം ദീർഘകാല ലാഭത്തിന് സഹായകരമായിരിക്കും.
ഈ സാങ്കേതികവിദ്യ പ്രധാനമായും പുതിയ കെട്ടിടങ്ങൾക്കായി ഉദ്ദേശിച്ചുള്ളതാണെങ്കിലും, ചില പഴയ ഘടനയിലുള്ള കെട്ടിടങ്ങൾക്കും ഇത് അനുയോജ്യമാക്കാൻ കഴിയും. വിദഗ്ധർ ഈ നവീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കോൺക്രീറ്റിന്റെ പാരിസ്ഥിതിക ആഘാതം കാരണം മാസ് ടിമ്പർ പോലുള്ള കൂടുതൽ പരിസ്ഥിതി സൗഹൃദ നിർമ്മാണ വസ്തുക്കളുടെ ആവശ്യകതയും വേണമെന്ന് അവർ പറഞ്ഞു. ഭാവിയിലെ നഗര വികസനത്തിനും ഭൂകമ്പ പ്രതിരോധത്തിനും പദ്ധതിയിടുമ്പോൾ വാൻകൂവർ നഗരം ഈ സാങ്കേതികവിദ്യയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.



