ഒന്റാരിയോയിലെ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കില്ല. 2026 ജനുവരി മുതൽ എല്ലാ ദിവസവും ഓഫീസിലെത്താൻ ജീവനക്കാർക്ക് പ്രവിശ്യാ സർക്കാർ നിർദ്ദേശം നൽകി. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഹാജരാകണം എന്നതായിരുന്നു നിയമം. ഒക്ടോബർ 20 മുതൽ നാല് ദിവസവും ജനുവരി മുതൽ മുഴുവൻ ദിവസവും ഓഫീസിലിരുന്ന് ജോലി ചെയ്യണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. പുതിയ നയം പ്രവിശ്യയിലെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും വർക്ക് ഫ്രം ഹോം മൂലം പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്ക് ഇത് ആശ്വാസമാകുമെന്നും പ്രധാനമന്ത്രി ഡഗ് ഫോർഡ് പറഞ്ഞു.
ജീവനക്കാർ ഓഫീസിൽ തിരിച്ചെത്തുന്നത് പ്രൊഫഷണൽ രംഗത്ത് പുത്തനുണർവ് നൽകുമെന്നും പുതിയ ജീവനക്കാർക്ക് കാര്യങ്ങൾ പഠിച്ചെടുക്കാൻ ഇത് സഹായിക്കുമെന്നും ഫോർഡ് അഭിപ്രായപ്പെട്ടു. ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ ആർബിസി, സ്കോഷ്യബാങ്ക്, ബിഎംഒ, ടിഡി എന്നിവ ടൊറന്റോയിലെ തങ്ങളുടെ ആസ്ഥാനങ്ങളിൽ ജീവനക്കാർക്ക് ആഴ്ചയിൽ നാല് ദിവസം ഓഫീസിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബാങ്കുകളുടെ ഈ നീക്കം സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും എല്ലാവരും ജോലിയിൽ തിരിച്ചെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പുതിയ ഉത്തരവിനെതിരെ ജീവനക്കാരുടെ യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം നിരാശാജനകമാണെന്ന് എഎംഎപിസിഇഒ യൂണിയൻ പ്രസിഡന്റ് ഡേവ് ബുൾമർ അറിയിച്ചു. വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ബുൾമർ വ്യക്തമാക്കി. കനേഡിയൻ പബ്ലിക് സർവീസിലെ പതിനാലായിരത്തോളം പ്രൊഫഷണൽ, അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർവൈസറി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് എഎംഎപിസിഇഒ. ഈ വിഷയത്തിൽ ഒപിഎസ്ഇയു യൂണിയൻ പിന്നീട് പ്രസ്താവന പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കനേഡിയൻ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്താൻ നിർദ്ദേശമുണ്ട്. ഈ നയം കർശനമായി നടപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്.
Ontario government employees must now come to the office every day: New rule



