നയാഗ്ര ഫാൾസ്: ലോക പെൻഗ്വിൻ ബോധവൽക്കരണ ദിനത്തിൽ സന്ദർശകർക്കായി ഒരു മധുരമുള്ള വാർത്ത പങ്കുവെച്ച് അക്വേറിയം ഓഫ് നയാഗ്ര. അക്വേറിയത്തിലെ പെൻഗ്വിൻ കൂട്ടത്തിലേക്ക് ‘തിമ്മി’ എന്ന പുതിയ അതിഥി എത്തിയതോടെ ഒരു പുതിയ പ്രണയകഥയ്ക്ക് കൂടി ഇവിടെ തുടക്കമായിരിക്കുകയാണ്. ഷിക്കാഗോയിലെ ബ്രൂക്ക്ഫീൽഡ് സൂവിൽ നിന്നും ഒക്ടോബറിലാണ് തിമ്മി നയാഗ്രയിലെത്തിയത്. വംശനാശഭീഷണി നേരിടുന്ന പെൻഗ്വിൻ വർഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. അക്വേറിയത്തിലെ പ്രിയപ്പെട്ട പെൻഗ്വിൻ സുന്ദരി ‘ജൂൾസി’ന് അനുയോജ്യനായ പങ്കാളിയായി വിദഗ്ധർ കണ്ടെത്തിയത് തിമ്മിയെയാണ്.
തിമ്മിയുടെ വരവ് മൃഗശാലകൾ തമ്മിലുള്ള കൃത്യമായ ആസൂത്രണത്തിന്റെയും സഹകരണത്തിന്റെയും ഫലമാണെന്ന് അക്വേറിയം ഓഫ് നയാഗ്ര സി.ഇ.ഒ ചാഡ് ഫൈഫർ പറഞ്ഞു. ഇത്തരം കഥകളിലൂടെ മൃഗസംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൾസിന്റെ സഹോദരനായ സ്മിറ്റി തന്റെ പങ്കാളിയെ തേടി കഴിഞ്ഞ വർഷം പിറ്റ്സ്ബർഗിലേക്ക് പോയിരുന്നു. ഇപ്പോൾ ജൂൾസിനും തന്റെ ജീവിതപങ്കാളിയെ ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസമായി മറ്റ് പെൻഗ്വിനുകളിൽ നിന്ന് മാറി പ്രത്യേകമായി ഒരുക്കിയ സ്ഥലത്തായിരുന്നു തിമ്മിയും ജൂൾസും താമസിച്ചിരുന്നത്. പരസ്പരം പരിചയപ്പെടാനും അടുക്കാനും നൽകിയ ഈ സമയത്തിനുള്ളിൽ തന്നെ ഇരുവരും വലിയ കൂട്ടുകാരായി മാറി. പരസ്പരം കൊക്കുകൾ കൊണ്ട് തലോടിയും പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കി ആശയവിനിമയം നടത്തിയും ഇവർ പ്രണയത്തിന്റെ സൂചനകൾ നൽകിത്തുടങ്ങിയെന്ന് ക്യൂറേറ്റർ ഹാലി ടോറെ അറിയിച്ചു. ഇപ്പോൾ ഇരുവരും കോളനിയിലെ മറ്റ് പെൻഗ്വിനുകൾക്കൊപ്പം ചേർന്നുകഴിഞ്ഞു. വരും കാലത്ത് ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പെറുവിലും ചിലിയിലും കാണപ്പെടുന്ന ‘ഹംബോൾട്ട്’ വിഭാഗത്തിൽപ്പെട്ട പെൻഗ്വിനുകളാണ് തിമ്മിയും ജൂൾസും. കാലാവസ്ഥാ വ്യതിയാനം കാരണം ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New penguin debuts at Aquarium of Niagara, sparks match on Penguin Awareness Day



