കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള പീസ് ലിയാർഡ് പ്രദേശം Rural Community Immigration Pilot (RCIP)പദ്ധതിയുടെ ഭാഗമായി വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള പുതിയ വഴികൾ തുറന്നിരിക്കുകയാണ്. ഫോർട്ട് സെയ്ന്റ് ജോൺ, ഡോസൺ ക്രീക്ക്, ചെറ്റ്‌വിൻഡ്, ടംബ്ലർ റിഡ്ജ്, ഫോർട്ട് നെൽസൺ എന്നിവയുൾപ്പെടെയുള്ള ഗ്രാമീണ നഗരങ്ങളും പ്രദേശങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിദത്ത വിഭവങ്ങൾ, കാർഷിക മേഖല എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മുൻഗണനയുള്ള മേഖലകളിലായി 25 വ്യത്യസ്ത തൊഴിൽ കോഡുകൾ ഈ പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയിലെ തൊഴിൽദായകരുടെ ആവശ്യകതകൾക്കനുസരിച്ചുള്ള കുടിയേറ്റ മാർഗമായാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സർക്കാർ അംഗീകരിച്ച തൊഴിൽദായകരിൽ നിന്ന് സ്ഥിരതയുള്ള പൂർണ്ണകാല ജോലി ലഭിക്കുന്ന വിദേശികൾക്ക് പെർമനന്റ് റെസിഡൻസ് (PR) നേടാനുള്ള നേരിട്ടുള്ള അവസരം ഈ പദ്ധതി സൃഷ്ടിക്കുന്നു.
അപേക്ഷകർ പാലിക്കേണ്ട പ്രധാന യോഗ്യതകളിൽ കുറഞ്ഞത് 1560 മണിക്കൂറിന്റെ സമീപകാല തൊഴിൽ അനുഭവം, അംഗീകൃത വിദ്യാഭ്യാസ യോഗ്യത, പര്യാപ്ത സാമ്പത്തിക ശേഷി, ആവശ്യമായ ഭാഷാ കഴിവ് എന്നിവ ഉൾപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് ആദ്യം കമ്മ്യൂണിറ്റിയുടെ അംഗീകാരം ലഭിച്ചതിനുശേഷം ഫെഡറൽ സർക്കാരിൽ പെർമനന്റ് റെസിഡൻസിനും താത്കാലിക ജോലി വിസയ്ക്കും അപേക്ഷിക്കാനാകും.
നിലവിൽ പീസ് ലിയാർഡ് പ്രദേശത്തെ അംഗീകൃത തൊഴിൽദായകരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, ബ്രാൻഡൺ, തണ്ടർ ബേ, ക്ലയർസ്‌ഹോം തുടങ്ങിയ മറ്റ് RCIP പങ്കാളി പ്രദേശങ്ങൾ ഇത്തരം വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സമൂഹ വികസനത്തിന് കാര്യമായ സംഭാവന നൽകാനും ഈ പദ്ധതിക്ക് കഴിയുമെന്ന് അധികൃതർ അറിയിച്ചു. പ്രകൃതിദത്ത വിഭവ മേഖലയിലും കാർഷിക മേഖലയിലും അനുഭവമുള്ള വിദേശികൾക്ക് ഈ പദ്ധതി പ്രത്യേക പ്രതീക്ഷകൾ നൽകുന്നുണ്ട്.



