ഉക്രെയ്നെതിരായ റഷ്യയുടെ യുദ്ധശ്രമങ്ങൾ തടയുന്നതിനായി, റഷ്യൻ എണ്ണയുടെ വില പരിധി കുറച്ച് കാനഡ. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വില ബാരലിന് 47.60 യു.എസ്. ഡോളറായിട്ടാണ് കുറച്ചത്. മുൻപ് ഇത് ബാരലിന് 60 ഡോളറായിരുന്നു. ധനകാര്യ മന്ത്രി ഫ്രാൻസിസ്-ഫിലിപ്പ് ഷാംപെയ്നും വിദേശകാര്യ മന്ത്രി അനിത ആനന്ദും സംയുക്തമായി വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുക്രെയ്നിനെതിരായ റഷ്യയുടെ അന്യായവും പ്രകോപനപരവുമായ യുദ്ധത്തിനെതിരെ യൂറോപ്യൻ യൂണിയനോടും ബ്രിട്ടനോടുമൊപ്പം കാനഡയും നിലകൊള്ളുമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കുറഞ്ഞ വിലപരിധി റഷ്യയുടെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾക്ക് കടിഞ്ഞാണിടും. അതുവഴി പുടിന്റെ സൈനിക ഉപകരണങ്ങൾക്ക് കൂടുതൽ സമ്മർദ്ദം ചെലുത്താനും സാധിക്കും. ജി-7 രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവരടങ്ങിയ സഖ്യവും റഷ്യയുടെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ എണ്ണയുടെ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നുണ്ട്. 2022-ൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനു പിന്നാലെ, 2022 ഡിസംബർ 2-നാണ് റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് ആദ്യമായി വിലപരിധി ഏർപ്പെടുത്തിയത്.
റഷ്യയുടെ സൈനിക ശ്രമങ്ങളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ മാറ്റങ്ങൾ അടുത്ത ആഴ്ചകളിൽ പ്രാബല്യത്തിൽ വരും. 2022 മാർച്ചിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് കാനഡ ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തുകയും റഷ്യക്കുമേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ഉക്രെയ്നിന് കാനഡ നൽകി വരുന്ന പിന്തുണ തുടരുമെന്നും, അവരുടെ പരമാധികാരത്തെ സംരക്ഷിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അനിത ആനന്ദ് വ്യക്തമാക്കി.



