ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിന് ഹമാസ് സമ്മതം അറിയിച്ചതായി റിപ്പോർട്ട്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. 22 മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് ഇത് വഴി അവസാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാർ പ്രകാരം, 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. ഇതിനുശേഷം, രണ്ട് ഘട്ടങ്ങളായി ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനാണ് പദ്ധതി. ഹമാസ് തടവിലാക്കിയ 10 ഇസ്രായേലി ബന്ദികളെയും, തടവിലായിരിക്കെ മരിച്ച 18 പേരുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ അനുസരിച്ച്, ഹമാസ് പൂർണ്ണമായി കീഴടങ്ങുന്നതിന് പകരം, ആയുധങ്ങൾ ഉപേക്ഷിച്ച് അന്താരാഷ്ട്ര മേൽനോട്ടത്തിൽ സൂക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും കരാറിൽ നിർദ്ദേശമുണ്ട്. ഈ കരാറിനോട് ഇസ്രായേൽ എങ്ങനെ പ്രതികരിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ഹമാസ് പൂർണ്ണമായി ആയുധം വെച്ച് കീഴടങ്ങണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതും ദീർഘകാല വെടിനിർത്തലും സംബന്ധിച്ച് ഇസ്രായേലും ഹമാസും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ അമേരിക്ക രേഖാമൂലം ഉറപ്പ് നൽകിയതായും സൂചനയുണ്ട്.
Hamas Agrees To New Gaza Ceasefire Proposal



