സ്റ്റാൻസ്റ്റഡ്: കാനഡ–അമേരിക്ക അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഹസ്കെൽ ഫ്രീ ലൈബ്രറി ആൻഡ് ഓപ്പറ ഹൗസിൽ കാനഡക്കാർക്കായി പുതിയ പ്രവേശന കവാടം ഒരുങ്ങുന്നു. അമേരിക്കൻ ഭരണകൂടം അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ലൈബ്രറിയിൽ പ്രവേശിക്കാൻ കാനഡക്കാർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് പുതിയ കവാടം നിർമ്മിച്ചിരിക്കുന്നത്.
ക്യുബെക്കിലെ സ്റ്റാൻസ്റ്റഡിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്മാരകത്തിലേക്ക് നേരത്തെ കാനഡക്കാർക്ക് സുഗമമായി പ്രവേശിക്കാമായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയതോടെ, കാനഡയിലുള്ളവർക്ക് ബോർഡർ ചെക്ക്പോസ്റ്റ് കടന്ന് കിലോമീറ്ററുകൾ ചുറ്റി മാത്രമേ പ്രധാന വാതിലിലെത്താൻ സാധിച്ചിരുന്നുള്ളൂ. നിലവിൽ ലൈബ്രറിക്കുള്ളിൽ പ്രവേശിക്കാൻ മൂന്ന് നിലകൾ കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാനാണ് കാനഡയുടെ ഭാഗത്തുനിന്ന് നേരിട്ട് പ്രവേശിക്കാവുന്ന രീതിയിൽ പുതിയ വാതിൽ സജ്ജമാക്കിയിരിക്കുന്നത്.
ഏകദേശം ആറ് ലക്ഷം ഡോളർ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പൈതൃക കെട്ടിടമായതിനാൽ ക്യുബെക്ക് സർക്കാരിന്റെ പ്രത്യേക നിബന്ധനകൾ പാലിച്ചായിരുന്നു നിർമ്മാണം. ഇതിനാവശ്യമായ തുക ഫണ്ട് ശേഖരണത്തിലൂടെയാണ് ലൈബ്രറി അധികൃതർ കണ്ടെത്തിയത്. പുതിയ പ്രവേശന കവാടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വരും ജൂണിൽ നടക്കുമെന്ന് ലൈബ്രറി ബോർഡ് പ്രസിഡന്റ് സിൽവി ബോഡ്രോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും വായനക്കാരെ ഒന്നിപ്പിക്കുന്ന വേദിയായി ലൈബ്രറി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New gate for library at border; Canadians will now have easier access despite restrictions




