കനേഡിയൻ പ്രവിശ്യയായ നോവ സ്കോഷ്യയിലെ ആശുപത്രികളിൽ ഗുരുതരമായ ബെഡ് സോറുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ. പ്രതിമാസ ശരാശരി 21 ആയിരുന്ന എണ്ണം 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ 70 ആയി ഉയർന്നു. എന്നാൽ ഈ വർദ്ധനവിന് കാരണം ‘അൺസ്റ്റേജബിൾ’ എന്ന പുതിയ വിഭാഗം കണക്കിൽ ഉൾപ്പെടുത്തിയതാണെന്ന് പ്രവശ്യയിലെ ആരോഗ്യവകുപ്പിന്റെ ഗുണനിലവാര മേൽനോട്ട വിഭാഗത്തിന്റെ സീനിയർ ഡയറക്ടർ റോഷെൽ കറി വിശദീകരിക്കുന്നു.
ഗുരുതരമായ 3-ഉം 4-ഉം ഘട്ടങ്ങളിലെത്തുന്ന പുണ്ണുകൾ സെപ്സിസിലേക്കും മരണത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ അതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ എണ്ണം 53 ശതമാനം വർദ്ധിച്ചു. ഇതിൽ 49 ശതമാനവും പുതിയ അൺസ്റ്റേജബിൾ വിഭാഗത്തിൽപ്പെട്ടവയാണെന്ന് കറി ചൂണ്ടിക്കാട്ടി.
എന്നാൽ ‘പേഷ്യന്റ്സ് ഫോർ പേഷ്യന്റ് സേഫ്റ്റി കാനഡയുടെ അധ്യക്ഷ കതറീന കോവാക്സ് ബേൺസ് ഇത്തരം സോറുകൾ ആശുപത്രികളിൽ ഉണ്ടാകുന്നതിനെ ശക്തമായി എതിർക്കുന്നു. “ഇത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. തടയാൻ കഴിയുന്നതാണ്,” എന്ന് അവർ അഭിപ്രായപ്പെടുന്നു.
ഘട്ടം 3, 4 എന്നിവയിലെത്തുമ്പോൾ, രോഗികളെ കൃത്യമായി വിലയിരുത്താനോ കിടക്ക മാറ്റാനോ ശരിയായ പരിചരണം നൽകാനോ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്നതാണ് ഇതിന്റെ കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷമായി നോവ സ്കോഷ്യയിലെ പുണ്ണുകളുടെ നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്നതാണ്. എന്നാൽ നോവ സ്കോഷ്യയിലെ രോഗികൾ പ്രായമേറിയവരും ദുർബലരുമാണെന്നും, ഒന്നിലധികം ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവരുമാണെന്നും, അത് അവരെ ബെഡ് സോറുകൾക്ക് കൂടുതൽ സാധ്യതയുള്ളവരാക്കുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു.



