ഒട്ടാവ: ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റം വർദ്ധിപ്പിക്കാൻ കാനഡയുടെ എക്സ്പ്രസ് എൻട്രി സിസ്റ്റം ലക്ഷ്യമിടുന്നതിനിടെ, ഫ്രഞ്ച് ഭാഷാ പ്രാവീണ്യത്തിനായുള്ള വ്യാജ പരീക്ഷാ ഫലങ്ങൾ വ്യാപകമാവുന്നത് സിസ്റ്റത്തിൻ്റെ വിശ്വാസ്യതയെ തകർക്കുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് ഭാഷാ പ്രാവീണ്യം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 50 ബോണസ് പോയിന്റുകളും പ്രത്യേക നറുക്കെടുപ്പുകളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇത് മുതലെടുത്താണ് വൻ തട്ടിപ്പ് നടക്കുന്നത്.
തട്ടിപ്പ് നടക്കുന്നത് എങ്ങനെ?
കാനഡയിലും പ്രധാന കുടിയേറ്റ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഒന്നിലധികം സിൻഡിക്കേറ്റുകൾ, TEF/TCF പോലുള്ള ഫ്രഞ്ച് ഭാഷാ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പരസ്യമായി വാഗ്ദാനം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ചില ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാതെ ‘ഗോസ്റ്റ് ടെസ്റ്റുകൾ’ വഴി സർട്ടിഫിക്കറ്റ് നേടുന്നു. മറ്റുചിലർ 4,000 ഡോളർ വരെ നൽകി ഇടനിലക്കാർ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നു. പല വിദേശ പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്. അജ്ഞാതരായ കൺസൾട്ടന്റുമാർ വഴി വാട്ട്‌സ്ആപ്പിൽ പോലും ‘പരിശോധന ആവശ്യമില്ലാത്ത യഥാർത്ഥ സർട്ടിഫിക്കറ്റുകൾ’ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫേസ്ബുക്കിലും റെഡ്ഡിറ്റിലും ‘വിശ്വസ്തരായ ഏജൻ്റുമാർ’ ആരാണെന്ന് തിരക്കിയുള്ള പോസ്റ്റുകൾ സാധാരണമാണ്. മാസങ്ങൾ നീണ്ട കഠിനാധ്വാനം ചെയ്യുന്ന സാധാരണ ഉദ്യോഗാർത്ഥികളെ ഇത് നിരാശപ്പെടുത്തുന്നു.
ഉയരുന്ന കട്ട്ഓഫ് സ്കോറുകൾ:
വ്യാജ ഫലങ്ങൾ എക്സ്പ്രസ് എൻട്രി പൂളിൽ എത്തുന്നതോടെ കട്ട്ഓഫ് സ്കോറുകൾ ക്രമാതീതമായി ഉയരുകയാണ്. മുൻ വർഷങ്ങളിൽ 400-കളിൽ നിന്നിരുന്ന ഫ്രഞ്ച് ഡ്രോയിലെ കട്ട്ഓഫ് സ്കോറുകൾ 2025-ൽ വൻതോതിൽ വർദ്ധിച്ചു. മാർച്ച് 21-ന് 379 ആയിരുന്ന സ്കോർ, ഓഗസ്റ്റ് 8-ന് 481 എന്ന റെക്കോർഡ് നിലയിലേക്ക് ഉയർന്നു. ഒക്ടോബർ 6-ന് ഇത് 432 ആയിരുന്നു. ഈ സ്കോർ വർദ്ധനവിന് കാരണം വ്യാജ സർട്ടിഫിക്കറ്റുകളുടെ ഒഴുക്കാണ്. ഇത് കാരണം സത്യസന്ധരായ ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നു.
IRCC-യുടെ നിരീക്ഷണത്തിലെ പോരായ്മകൾ:
വ്യാജ പ്രവർത്തനങ്ങൾ തടയാൻ തങ്ങൾക്ക് ശക്തമായ സംവിധാനമുണ്ടെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അവകാശപ്പെടുന്നുണ്ടെങ്കിലും, മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഇത് നിഷേധിക്കുന്നു. “ലഭിക്കുന്ന അപേക്ഷകളിൽ 20% ഫലങ്ങൾ മാത്രമാണ് ഞങ്ങൾ റാൻഡം ആയി പരിശോധിച്ചിരുന്നത്. ബാക്കി 80% പരിശോധനയില്ലാതെ കടന്നുപോയിട്ടുണ്ട്,” ഒരു മുൻ IRCC ജീവനക്കാരി വെളിപ്പെടുത്തി. റാൻഡം റീ-ടെസ്റ്റുകളും ഓഡിറ്റുകളും എളുപ്പത്തിൽ ഒഴിവാക്കാനാകുന്നതാണെന്നും അവർ പറയുന്നു.
വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്ക് പിഴയായി അപേക്ഷാ ഫീസ് നഷ്ടപ്പെടുകയും അഞ്ചു വർഷത്തേക്ക് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, വലിയ ശൃംഖലകളെ അറസ്റ്റ് ചെയ്തതായോ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്തതായോ റിപ്പോർട്ടുകളില്ല.
പരിഹാരമാർഗ്ഗങ്ങൾ ആവശ്യം:
തട്ടിപ്പ് തടയാൻ നയപരമായ മാറ്റങ്ങൾ വേണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. സംശയാസ്പദമായ സെന്ററുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തേണ്ടതുണ്ട്. ഫ്രഞ്ച് വിഭാഗത്തിൽ ക്ഷണം ലഭിച്ച എല്ലാവർക്കും നിർബന്ധിത നേരിട്ടുള്ള അഭിമുഖം (In-person language interview) നടത്തിയാൽ ഒരു പരിധിവരെ ഇതിന് തടയിടാൻ കഴിയും. തട്ടിപ്പിന് പിന്നിലുള്ള ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തവും പരസ്യവുമായ നിയമനടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. IRCC ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, കാനഡയുടെ കുടിയേറ്റ സംവിധാനത്തിലുള്ള വിശ്വാസം ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Express Entry Scam Distorting Canada’s Immigration System



