കാട്ടുതീ മൂലം വൈദ്യുതി നിലയ്ക്കുകയും അടിസ്ഥാന സേവനങ്ങളെല്ലാം തടസ്സപ്പെടുമെന്ന അവസ്ഥയുമുള്ളതിനാൽ മാനിറ്റോബയുടെ വടക്കൻ ഭാഗത്തുള്ള ഒരു പുതിയ പ്രദേശത്തെ ജനങ്ങൾക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് നൽകി. ക്രാൻബെറി-പോർട്ടേജ് ഉൾപ്പെടുന്ന കെൽസിയിലെ ഗ്രാമീണ മുനിസിപ്പാലിറ്റി,പട്ടണങ്ങൾ, നഗരങ്ങൾ, ഫസ്റ്റ് നേഷൻസ് എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കൽ ഉത്തരവ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ വിന്നിപെഗിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്ന് കുറഞ്ഞത് 430 പേരെങ്കിലും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രവിശ്യയിലുടനീളം പടരുന്ന തീപിടുത്തത്തെത്തുടർന്ന് വിന്നിപെഗിലേക്ക് ഒഴിപ്പിക്കാൻ ഉത്തരവിട്ട 17,000-ത്തിലധികം ആളുകളോടൊപ്പം ഈ താമസക്കാരും ചേരുന്നു.
ഇവിടെ ഓറഞ്ച് അലേർട്ടാണെന്ന് ആർഎമ്മിന്റെ മുനിസിപ്പൽ എമർജൻസി കോർഡിനേറ്ററായ ലോറി ഫോർബ്സ് പറഞ്ഞു.”മഞ്ഞുപോലെ ചാരം വീഴുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ കാറും പരിസരപ്രദേശങ്ങളുമെല്ലാം ചാരത്തിൽ മുങ്ങിയിരിക്കും. പുക കാഴ്ച മറയ്ക്കും, ഇത്രയും നാളും ഇവിടെ കണ്ടിട്ടില്ലാത്ത കാര്യങ്ങളിലൂടെയാണ് നഗരം കടന്നുപോകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.



