വിൻഡ്‌സർ: വിൻഡ്‌സർ-എസെക്സ് മേഖലയിലെ ആരോഗ്യ സേവന രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ONHealth Alliance പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ‘ONRx’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം രോഗികൾക്ക് ലൈസൻസുള്ള ഡോക്ടർമാരുമായി വെർച്വലായി ബന്ധപ്പെടാൻ അവസരമൊരുക്കുന്നു. വിൻഡ്‌സർ റീജിയണൽ ഹോസ്പിറ്റൽ ഇടക്കാല സിഇഒ കെരൻ റിഡൽ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനും സൗകര്യപ്രദമായ സമയത്ത് ഡോക്ടറുടെ സേവനം തേടാനും സാധിക്കുമെന്ന് ONHealth അലയൻസ് സിഇഒ രാകേഷ് നായിഡു അറിയിച്ചു. മരുന്നിനുള്ള കുറിപ്പടികൾ, രോഗനിർണ്ണയ പരിശോധനകൾക്കുള്ള നിർദ്ദേശം, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിനായുള്ള റഫറൽ എന്നിവ ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. മരുന്നുകൾ വീടുകളിൽ എത്തിക്കുന്നതിനായി പ്രാദേശിക ഫാർമസികളുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎച്ച്സി ഹബ് ഓഫ് ഓപ്പർച്യുണിറ്റീസുമായി (UHC Hub of Opportunities) ചേർന്നാണ് പദ്ധതിയുടെ പൈലറ്റ് ഘട്ടം നടപ്പിലാക്കുന്നത്. ഹബ്ബിലെത്തുന്നവർക്ക് ഡോക്ടർമാരുമായി വെർച്വലായി സംസാരിക്കാൻ പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. കുടുംബ ഡോക്ടർമാരില്ലാത്ത നൂറുകണക്കിന് ആളുകൾക്ക് ഈ സേവനം പ്രയോജനപ്പെടുമെന്ന് യുഎച്ച്സി പ്രതിനിധി ജൂൺ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് കെരൻ റിഡൽ വിലയിരുത്തി.
പദ്ധതിയുടെ പുരോഗതിയും പ്രവർത്തനക്ഷമതയും വിലയിരുത്തുന്നതിനായി ആറുമാസത്തെ നിരീക്ഷണ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സംരംഭത്തെ ഒന്റാറിയോ എംപിപി ആൻഡ്രൂ ഡൗവി സ്വാഗതം ചെയ്തു. തദ്ദേശവാസികൾക്ക് onrx.ca എന്ന വെബ്‌സൈറ്റിലൂടെ സേവനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Now a virtual clinic to see a doctor; New digital platform launched in Windsor



