ഒട്ടാവ: കാനഡയുടെ പുതിയ ഓട്ടോമൊബൈൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിർബന്ധിത വിൽപന മാനദണ്ഡം അവസാനിപ്പിക്കാനും പകരം വാഹനങ്ങളുടെ പുക മലിനീകരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനുമാണ് പുതിയ തീരുമാനം.
വാഹന കമ്പനികൾക്കും വിവിധ പ്രവിശ്യാ സർക്കാരുകൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. ഇലക്ട്രിക് വാഹനങ്ങൾ ഇത്ര എണ്ണം വിൽക്കണമെന്ന നിർബന്ധം ഒഴിവാക്കിയെങ്കിലും, പുതിയ ആനുകൂല്യങ്ങൾ (Incentives) നൽകുന്നതിലൂടെ 2035-ഓടെ നിരത്തിലിറങ്ങുന്ന നാലിൽ മൂന്ന് വണ്ടികളും ബാറ്ററിയാൽ പ്രവർത്തിക്കുന്നവയാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. എന്നാൽ, വൻകിട അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ ഈ മാറ്റം വരുത്തിയതെന്നും, ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ കാർബൺ നികുതി വേണ്ടെന്ന് വെച്ചതിന് പിന്നാലെ പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ സർക്കാർ വീണ്ടും വിട്ടുവീഴ്ച ചെയ്യുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈമൺ ഡോണർ ചൂണ്ടിക്കാട്ടി.
പുതിയ നയം പ്രകാരം വാഹനങ്ങളുടെ ഇന്ധനക്ഷമത ഇരട്ടിയാക്കുമെന്നും മലിനീകരണം 57 ശതമാനം കുറയ്ക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാൽ ഇതിനാവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഫെഡറൽ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. സർക്കാർ നടപടി പൂർണ്ണമായും പരിഹാസ്യമാണെന്ന് ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേയ് പ്രതികരിച്ചു. അതേസമയം, വ്യവസായ സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ സന്തുലിത സമീപനമാണ് ഇതെന്നാണ് സർക്കാർ പക്ഷം. ഈ വർഷം അവസാനത്തോടെ പുതിയ ചട്ടങ്ങൾ അന്തിമമാക്കാനാണ് തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
EV sales no longer mandatory; Prime Minister Mark Carney announces new concessions in the vehicle market



