എഡ്മന്റൺ: ഡ്രൈവിംഗ് ലൈസൻസിലും തിരിച്ചറിയൽ കാർഡുകളിലും പുതിയ പരിഷ്കാരങ്ങളുമായി ആൽബർട്ട സർക്കാർ. രാജ്യത്ത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസിൽ കനേഡിയൻ പൗരത്വവും (citizenship) ആരോഗ്യ കാർഡ് നമ്പറും (health card number) രേഖപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പ്രീമിയർ ഡാനിയൽ സ്മിത്തും സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലിയും ചേർന്നാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. 2026 അവസാനത്തോടെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
പുതിയ പരിഷ്കാരം സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് പറഞ്ഞു. “പൗരത്വം തെളിയിക്കാൻ മറ്റൊരു രേഖയുടെ ആവശ്യമില്ല. ഒറ്റ തിരിച്ചറിയൽ കാർഡ് മതിയാകും” അവർ വ്യക്തമാക്കി. പൗരത്വ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥി സഹായം, ആരോഗ്യ ആനുകൂല്യങ്ങൾ, ഭിന്നശേഷി പിന്തുണ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി അപേക്ഷിക്കുന്നത് എളുപ്പമാകും. കൂടാതെ, തിരഞ്ഞെടുപ്പുകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഈ മാറ്റം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥിരതാമസക്കാർക്കും (permanent residents) കാനഡ പൗരന്മാരല്ലാത്തവർക്കും അവരുടെ കാർഡുകളിൽ പൗരത്വ അടയാളം ഉണ്ടാകില്ല. ഡ്രൈവിംഗ് ലൈസൻസിനോ മറ്റ് തിരിച്ചറിയൽ കാർഡുകൾക്കോ അപേക്ഷിക്കുമ്പോഴോ പുതുക്കുമ്പോഴോ പൗരത്വത്തിന്റെയോ കുടിയേറ്റ നിലയുടെയോ (immigration status) തെളിവുകൾ ഹാജരാക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ മാറ്റങ്ങൾ പ്രകാരം കാർഡിന്റെ രൂപകൽപ്പന പൂർണമായി മാറ്റും. ഒരു ലളിതമായ ‘CAN’ കോഡ് ആയിരിക്കും പൗരത്വത്തെ സൂചിപ്പിക്കുന്ന അടയാളം.
ഡ്രൈവിംഗ് ലൈസൻസിൽ ആൽബർട്ട ഹെൽത്ത് കെയർ കാർഡ് നമ്പറും ചേർക്കുന്നത് ആരോഗ്യ സംവിധാനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന് മന്ത്രി ഡെയ്ൽ നാലിയും പ്രീമിയർ സ്മിത്തും പറഞ്ഞു. നിലവിൽ ആൽബർട്ടയിൽ ജനസംഖ്യയേക്കാൾ 530,438 അധികം ആരോഗ്യ കാർഡ് നമ്പറുകളുണ്ടെന്ന് പ്രീമിയർ സ്മിത്ത് വെളിപ്പെടുത്തി. ഇത് ദുരുപയോഗത്തിന് സാധ്യത തുറക്കുന്നു. “പുതിയ പരിഷ്കരണത്തിലൂടെ ആർക്കൊക്കെയാണ് ആരോഗ്യ കാർഡുകളുള്ളതെന്ന് കൃത്യമായി അറിയാൻ കഴിയും,” ഡെയ്ൽ നാലി പറഞ്ഞു.
ഈ മാറ്റങ്ങളെക്കുറിച്ച് ഫെഡറൽ സർക്കാരുമായി കൂടിയാലോചന നടത്തിയതായി മന്ത്രി നാലി പറഞ്ഞു. കാനഡയിൽ ആരാണ് പൗരന്മാർ, ആരാണ് അല്ലാത്തവർ എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഫെഡറൽ സർക്കാരിന്റെ പക്കലില്ല. അതിനാൽ, ഈ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ലൈസൻസ് വിതരണം ചെയ്യുന്നതിന് അധിക ചിലവ് ഈടാക്കില്ലെന്നും സർക്കാർ അറിയിച്ചു.



