ഫ്രെഡറിക് ടൺ: ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൃഗചികിത്സാ സേവനങ്ങളും ലാബ് സൗകര്യങ്ങളും വരും വർഷങ്ങളിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു. അടുത്ത മൂന്ന് സാമ്പത്തിക വർഷങ്ങൾക്കുള്ളിൽ ഈ മാറ്റം പൂർണ്ണമാക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ ന്യൂ ബ്രൺസ്വിക്കും ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറും ഒഴികെയുള്ള എല്ലാ പ്രവിശ്യകളും സ്വകാര്യ മേഖല വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്.
കാർഷിക മേഖലയ്ക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗതയേറിയതുമായ സേവനം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് കൃഷി-മത്സ്യബന്ധന മന്ത്രി പാറ്റ് ഫിന്നിഗൻ വ്യക്തമാക്കി. നിലവിൽ സർക്കാർ നൽകുന്ന സേവനങ്ങളിൽ പകുതിയിലധികവും കുതിരകൾക്കും, 27 ശതമാനം വാണിജ്യ കന്നുകാലികൾക്കും, ബാക്കിയുള്ളവ വളർത്തുമൃഗങ്ങൾക്കുമാണ് ലഭിക്കുന്നത്. സ്വകാര്യ മേഖലയിലേക്ക് മാറുന്നതോടെ ക്ലിനിക്കുകൾക്കും വെറ്ററിനറി ഡോക്ടർമാർക്കും കർഷകരുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു.
സർക്കാർ സർവീസിലുള്ള വെറ്ററിനറി ഡോക്ടർമാർക്ക് സ്വന്തമായി ക്ലിനിക്കുകൾ തുടങ്ങാനോ നിലവിലുള്ള സ്വകാര്യ ക്ലിനിക്കുകളിൽ ചേരാനോ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കന്നുകാലി മേഖലയിലെ സേവനങ്ങളിൽ കുറവുണ്ടാകാതിരിക്കാൻ സ്വകാര്യ വെറ്ററിനറി രജിസ്ട്രി പ്രോഗ്രാം നടപ്പിലാക്കും. അതേസമയം മൃഗക്ഷേമവും പകർച്ചവ്യാധി നിയന്ത്രണവും മേൽനോട്ടം വഹിക്കുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ തസ്തിക സർക്കാർ നിലനിർത്തും. ഈ പരിഷ്കാരം ന്യൂ ബ്രൺസ്വിക്കിലെ കാർഷിക മേഖലയെ കൂടുതൽ ശാക്തീകരിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick switching veterinary field, lab service to private sector



