ഫ്രെഡറിക്ടൺ: പ്രവിശ്യയിലെ ഭവനരഹിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി സമഗ്രമായ കർമ്മപദ്ധതി പ്രഖ്യാപിച്ച് ന്യൂ ബ്രൺസ്‌വിക് സർക്കാർ. അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതിക്കായി 86.6 ദശലക്ഷം ഡോളറാണ് (ഏകദേശം 700 കോടിയിലധികം രൂപ) സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഭവനരഹിതർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിനപ്പുറം, അവർക്ക് സ്ഥിരമായ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ട്രാറ്റജി ആവിഷ്കരിച്ചിരിക്കുന്നത്.
വർധിച്ചുവരുന്ന ജീവിതച്ചെലവും വീടുകളുടെ ദൗർലഭ്യവുമാണ് പ്രവിശ്യയിൽ ഭവനരഹിതരുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഷെൽട്ടറുകളുടെ സൗകര്യം വർധിപ്പിക്കും. ഇതിനുപുറമെ, മാനസികാരോഗ്യം, ലഹരിവിമുക്തി എന്നിവയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും സഹായ പദ്ധതികളും ഉറപ്പാക്കും. ഭവനരഹിതരാകാൻ സാധ്യതയുള്ളവരെ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനും ഈ പദ്ധതിയിൽ മുൻഗണന നൽകുന്നുണ്ട്.
പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ പദ്ധതിയിൽ കൊണ്ടുവരുമെന്ന് സാമൂഹിക വികസന വകുപ്പ് മന്ത്രി വ്യക്തമാക്കി. നിലവിൽ തെരുവുകളിലും പാർക്കുകളിലും കഴിയുന്നവർക്ക് സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കുന്നത് വരാനിരിക്കുന്ന ശൈത്യകാലത്ത് ഏറെ നിർണ്ണായകമാണ്.
നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ഭാഗികമായി വിജയിച്ചുവെങ്കിലും, വർധിച്ചുവരുന്ന ജനസംഖ്യയും പണപ്പെരുപ്പവും വെല്ലുവിളിയായി തുടരുകയാണ്. പുതിയ സ്ട്രാറ്റജിയിലൂടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഭവനരഹിതരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രവിശ്യാ ഭരണകൂടത്തിന്റെ പ്രതീക്ഷ.
new-brunswick-releases-provincial-strategy-on-homelessness
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



