മോങ്ക്ടൺ: തീവ്രശൈത്യം കണക്കിലെടുത്ത് ന്യൂ ബ്രൺസ്വിക്കിലെ ഭവനരഹിതർക്കായി വിപുലമായ സഹായ പദ്ധതികൾ ലഭ്യമാണെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പ്രവിശ്യയിലുടനീളമുള്ള 19 എമർജൻസി ഷെൽട്ടറുകളിലും വാംമിംഗ് സെന്ററുകളിലുമായി ഏകദേശം 600 ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേന്ദ്രങ്ങളും വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണെന്നും കടുത്ത ശൈത്യമുള്ള സമയങ്ങളിൽ ബാക്കിയുള്ളവയും മുഴുവൻ സമയ സേവനം ഉറപ്പാക്കുമെന്നും സോഷ്യൽ ഡെവലപ്മെന്റ് മന്ത്രി സിണ്ടി മൈൽസ് വ്യക്തമാക്കി.
സെന്റ് ജോൺ, മോങ്ക്ടൺ, ഫ്രെഡറിക്ടൺ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ഹബ്ബുകൾ സഹായത്തിനായി 24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. ഫ്രെഡറിക്ടണിലെ വിക്ടോറിയ ഹെൽത്ത് സെന്റർ, സെന്റ് ജോൺ ഹൗസ്, മോങ്ക്ടണിലെ ലയൺസ് സെന്റർ, ഹൗസ് ഓഫ് നസ്രത്ത്, സെന്റ് ജോണിലെ ഫൗണ്ടേഷൻ സെന്റർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടു. ബാതർസ്റ്റ്, എഡ്മണ്ട്സ്റ്റൺ, മിറാമിച്ചി, സെന്റ് സ്റ്റീഫൻ എന്നിവിടങ്ങളിലും പ്രത്യേക ഷെൽട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെരുവിൽ കഴിയുന്നവർക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും എത്തിക്കുന്നതിനായി പ്രൊഫഷണൽ ഔട്ട്റീച്ച് സേവനങ്ങളും സർക്കാർ വിപുലീകരിച്ചു. വിവിധ കമ്മ്യൂണിറ്റികളിൽ ഇത്തരം സംഘങ്ങൾ നേരിട്ടെത്തി സേവനം ഉറപ്പാക്കും. വാംമിംഗ് സെന്ററുകളുടെയും ഷെൽട്ടറുകളുടെയും സുഗമമായ പ്രവർത്തനത്തിനായി സഹകരിക്കുന്ന പങ്കാളികൾക്ക് മന്ത്രി നന്ദി അറിയിച്ചു. മോശം കാലാവസ്ഥയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭവനരഹിതരായ വ്യക്തികൾക്കും സഹായം ആവശ്യമുള്ളവർക്കും 211 എന്ന നമ്പറിൽ വിളിച്ച് ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ നഗരങ്ങളിലും ലഭ്യമായ ഷെൽട്ടറുകളുടെ കൃത്യമായ വിലാസവും പ്രവർത്തന സമയവും ഈ നമ്പറിലൂടെ ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick opens 24-hour warming centres across the province for homeless people to combat extreme cold



