ഫ്രെഡറിക് ടൺ: ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിൽ വെർച്വൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ പുതിയ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര കമ്പനിയായ ‘ഫൗണ്ടെവർ അസിസ്റ്റൻസ് സർവീസസ് കോർപ്പറേഷനുമായി’ (Foundever Assistance Services Corp) രണ്ട് വർഷത്തേക്കാണ് കരാർ. പ്രതിവർഷം 12.9 മില്യൺ ഡോളർ ഇതിനായി മാറ്റിവെക്കും.
ജൂൺ മാസത്തോടെ ഫൗണ്ടെവർ സേവനങ്ങൾ ആരംഭിക്കും. നിലവിൽ വെർച്വൽ കെയർ സേവനങ്ങൾ നൽകുന്ന ‘eVisitNB’-യുടെ കരാർ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നെങ്കിലും, സുഗമമായ മാറ്റത്തിനായി ഇത് 90 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
ഫോൺ വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, രോഗികൾക്ക് കൃത്യമായ ഫോളോ-അപ്പ് ചികിൽസ, വെർച്വൽ വെയ്റ്റിംഗ് റൂമുകൾ ഒഴിവാക്കി നിശ്ചിത സമയത്ത് ഡോക്ടറെ കാണാനുള്ള സംവിധാനം എന്നിവ പുതിയ കരാറിന്റെ ഭാഗമായി ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി ജോൺ ഡോർനൻ വ്യക്തമാക്കി. ഇംഗ്ലീഷിലും ഫ്രഞ്ചിലും സേവനം ലഭ്യമാക്കുമെന്നും രോഗികളുടെ വിവരങ്ങൾ കാനഡയിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.

അതേസമയം, ഫൗണ്ടെവർ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി വിമർശിച്ചു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായാൽ പ്രവിശ്യയിലെ വെർച്വൽ ചികിൽസാ രംഗം തകിടം മറിയുമെന്ന് പ്രതിപക്ഷ ആരോഗ്യ ക്രിട്ടിക് ബിൽ ഹോഗൻ മുന്നറിയിപ്പ് നൽകി. എന്നാൽ പ്രതിവർഷം രണ്ടര ലക്ഷത്തോളം സേവനങ്ങൾ നൽകുന്ന മുറയ്ക്ക് മാത്രമേ കമ്പനിക്ക് തുക കൈമാറൂ എന്നാണ് സർക്കാർ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick inks virtual care deal with $12.9M annual budget



