ഒന്റാറിയോയിൽ ചൂട് കനക്കുന്നു. കാറിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ അൽപനേരത്തേക്ക് പോലും ഉപേക്ഷിച്ച് പോകരുതെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ്. അപകടസാധ്യതയെക്കുറിച്ച് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. വാഹനങ്ങളിൽ ചൂട് കൂടുമ്പോൾ അത് കുട്ടികൾക്കും, വളർത്തുമൃഗങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
വാഹനത്തിനുള്ളിലെ താപനില വെളിയിൽ ഉള്ളതിനെക്കാൾ 20 ഡിഗ്രിയോളം ഉയരാൻ ഇടയുണ്ടെന്നും, കുട്ടികളും മൃഗങ്ങളും ശരീര താപനില ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ചൂട് ഉണ്ടാക്കുന്ന രോഗങ്ങൾ നേരിടേണ്ടിവരുന്നുവെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യം ഹീറ്റ് സ്ട്രോക്കിലേക്ക് പോലും നയിക്കാം.
പ്രതിരോധത്തിന് ലളിതമായ ശീലങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകതയും പോലിസ് ഓർമ്മിപ്പിക്കുന്നു. കാർ ലോക്ക് ചെയ്യുന്നതിന് മുമ്പ് പിന്‍സീറ്റുകൾ പരിശോധിക്കുക, കുറച്ചുപോലും സമയത്തേക്കു മൃഗങ്ങളെയും കുഞ്ഞുങ്ങളെയും വാഹനത്തിൽ വെക്കരുത്, അനാവശ്യ യാത്രകളിൽ നായ്ക്കളെ കൂട്ടിക്കൊണ്ടുപോകുന്നതിന് പകരം അനുയോജ്യമായ പരിചരണ കേന്ദ്രങ്ങളിൽ ഏൽപ്പിക്കുക., തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ചൂടുള്ള കാറിൽ കുട്ടികളെയോ മൃഗങ്ങളെയോ തനിച്ചായി കണ്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് ഒപിപി അഭ്യർത്ഥിച്ചു. കൂടുതൽ അറിയാൻ, സുരക്ഷാ ഉപദേശങ്ങൾ നൽകാൻ കഴിയുന്ന വെനൽക്കാല മാർഗനിർദ്ദേശം സഹായകമാകും.



