ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും. ഇസ്രയേലിനെ യുഎസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ആയത്തുല്ല ഖമനയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, ഖമനയിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്നും റിപ്പോർട്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖമനയി, മകൻ മൊജ്താബ ഉൾപ്പെടുയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് ‘ഇറാൻ ഇന്റർനാഷനൽ’ റിപ്പോർട്ട് ചെയ്തത്. ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്ക്കു തയാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല. വെടിനിർത്തലിന് ഗൾഫ് കോർപറേഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിച്ചു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ അതിരൂക്ഷ വ്യോമാക്രമണം തുടരുകയാണ്. ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ഇറാനിലെ ആസാദി സ്ക്വയറിലും ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.



