ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച 90 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ വീഡിയോയിലൂടെയാണ് അദ്ദേഹം അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. സൈനിക വേഷത്തിലുള്ളവരും അല്ലാത്തവരുമായ സ്ത്രീകളോടും മറ്റ് പൗരന്മാരോടും അദ്ദേഹം പ്രകൃതിഭംഗിയുള്ള ഒരിടത്ത് വെച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ‘നിർദേശങ്ങൾ പാലിക്കൂ, നമുക്ക് ഒരുമിച്ച് വിജയിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്.
നേരത്തെ നെതന്യാഹു ഒരു കഫേയിലിരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്പ് ഫേക്ക് വീഡിയോ ആണെന്ന ആരോപണം ശക്തമായിരുന്നു. എക്സിലെ (ട്വിറ്റർ) എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ പോലും ആ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ടതോടെ നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ലോകമെമ്പാടും ചർച്ചകൾ ഉയർന്നു. മുൻപ് പുറത്തുവന്ന ഒരു വീഡിയോയിൽ നെതന്യാഹുവിന്റെ കൈയ്യിൽ ആറ് വിരലുകൾ കണ്ടുവെന്ന വാദവും അദ്ദേഹം മരിച്ചുവെന്ന നിഗമനത്തിലേക്ക് സോഷ്യൽ മീഡിയയെ എത്തിച്ചിരുന്നു.
പുതിയ വീഡിയോയിൽ തന്റെ സഹായികളോടും സുഹൃത്തുക്കളോടും ഏറെ സന്തോഷത്തോടെ സംസാരിക്കുന്ന നെതന്യാഹുവിനെയാണ് കാണാൻ കഴിയുന്നത്. തന്നെക്കുറിച്ചുള്ള വ്യാജവാർത്തകളെ പരിഹാസരൂപേണയാണ് അദ്ദേഹം നേരിടുന്നത്. കഫേ വീഡിയോയിലെ ആരോപണങ്ങൾക്ക് മറുപടിയായി തന്റെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി വിരലുകൾ എണ്ണിനോക്കാൻ താൽപ്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഹീബ്രു ഭാഷയിൽ സംസാരിച്ച അദ്ദേഹം കാപ്പിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന് തമാശരൂപേണ പറയുകയും ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്ന് വധഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ തിരോധാനം വലിയ വാർത്തയായത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ പുറത്തുവന്ന ഈ പുതിയ വീഡിയോ ഇസ്രയേൽ അനുകൂലികൾക്കിടയിൽ വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നെതന്യാഹു സുരക്ഷിതനാണെന്നാണ് ഇസ്രയേൽ ഔദ്യോഗികമായി അറിയിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Netanyahu responds to news of his assassination with new video, along with two young women



