ജെറുസലേം ∙ ഖത്തറിലെ ആക്രമണത്തിൽ മാപ്പ് ചോദിച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാലാണ് ഖേദപ്രകടനം. ആക്രമണത്തിൽ ഒരു ഖത്തരി പോലീസുകാരൻ മരിച്ച സംഭവത്തിലും നെതന്യാഹു ദുഃഖം രേഖപ്പെടുത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് നെതന്യാഹുവിന്റെ ഈ നടപടി. ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഖത്തർ മുന്നോട്ടുവെച്ച ചില ഉപാധികൾ നെതന്യാഹു അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി ട്രംപ് നെതന്യാഹുവിന് മുൻപിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വൈറ്റ്ഹൗസിൽ സുരക്ഷ വർധിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം 12 മണിയോടെ ട്രംപും നെതന്യാഹുവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് 1:15-ന് ഇരുവരും സംയുക്തമായി വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നും വിവരമുണ്ട്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി 21 നിർദേശങ്ങളടങ്ങിയ ഒരു വിശദമായ സമാധാന പദ്ധതിയാണ് യുഎസ് അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാവിയിൽ പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകുന്നതിനുള്ള ഒരു വഴിയായിരിക്കും ഈ സമാധാനപദ്ധതിയെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Netanyahu apologizes to Qatar for attack on Doha



