അഴിമതി അവസാനിപ്പിക്കാനും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെടുകയും നാനൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്.
സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
സെപ്റ്റംബർ 4-ന് ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നേപ്പാൾ സർക്കാർ നിരോധിച്ചിരുന്നു. പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പാലിക്കാത്ത പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്.
എന്നാൽ, ഈ നിരോധനം രാഷ്ട്രീയക്കാരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ തടയാനാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ‘നെപ്പോകിഡ്സ്’ പോലുള്ള ഹാഷ്ടാഗുകളിലൂടെ രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബര ജീവിതത്തെ സാധാരണ ജനങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്ത് അടുത്തിടെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
സമൂഹമാധ്യമ നിരോധനമാണ് പ്രതിഷേധത്തിന് പെട്ടന്നുള്ള കാരണമെങ്കിലും, അഴിമതി, സർക്കാർ ഏകാധിപത്യ മനോഭാവം എന്നിവയോടുള്ള ദേഷ്യമാണ് പ്രതിഷേധക്കാർക്ക് പ്രധാനമായും ഉള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
20 killed in huge Nepal Gen Z protests over social media ban



