ടൊറന്റോ: മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ ഒന്റാറിയോയിൽ യുവതി മരിച്ചു. പ്രസവാനന്തരം ഉണ്ടായ സെപ്റ്റിക് ഷോക്കാണ് മരണകാരണം. പ്രസവാനന്തരം ഉണ്ടായ അണുബാധയുടെ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയുന്നതിലും ചികിത്സ നൽകുന്നതിലും ആശുപത്രി ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചു. ബ്രാംപ്ടൺ സ്വദേശിനിയായ 40-കാരി രവീന്ദർ കൗർ സിദ്ദുവിനാണ് ദുരനുഭവമുണ്ടായത്. മിസിസാഗയിലെ ക്രെഡിറ്റ് വാലി ഹോസ്പിറ്റലിൽ വെച്ച് ജൂൺ 19-നാണ് രവീന്ദർ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
ആരോഗ്യമുള്ള ആൺകുഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും രവീന്ദർ ഒരിക്കലും തിരികെ വന്നില്ല. ദിവസങ്ങൾക്ക് ശേഷം ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിൽ വെച്ച് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് അണുബാധ മൂലമുണ്ടായ സെപ്റ്റിക് ഷോക്ക് കാരണം അവർ മരണത്തിന് കീഴടങ്ങി. സെപ്സിസ് ലക്ഷണങ്ങൾ കാണിച്ചിട്ടും ക്രെഡിറ്റ് വാലി ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. “അവൾ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആശുപത്രിയിൽ പോയി, പക്ഷേ ഒരിക്കലും തിരിച്ചു വന്നില്ല.
ഈ ദുരനുഭവം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്,” രവീന്ദറിന്റെ ഭർത്താവ് ഗുരീന്ദർ സിദ്ദു പറഞ്ഞു. രോഗം പെട്ടെന്ന് തിരിച്ചറിയുന്നതിനും വേഗത്തിൽ ചികിത്സ നൽകുന്നതിനും ആശുപത്രികൾക്ക് കൃത്യമായ പ്രോട്ടോക്കോളുകൾ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, അണുബാധയോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് സെപ്സിസ്. ഇത് ശരീരകലകളെയും അവയവങ്ങളെയും നശിപ്പിക്കും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. രവീന്ദറിന്റെ മെഡിക്കൽ രേഖകൾ പ്രകാരം, പ്രസവശേഷം മണിക്കൂറുകൾക്കുള്ളിൽ അവർക്ക് കടുത്ത പനിയും രക്തസ്രാവവും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥയുമുണ്ടായി. എന്നാൽ ഇത് സാധാരണമായ ലക്ഷണങ്ങളാണെന്ന് പറഞ്ഞ് ജീവനക്കാർ തള്ളിക്കളഞ്ഞതായി ഗുരീന്ദർ പറഞ്ഞു.
ഏകദേശം 29 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് രവീന്ദറിന് ആന്റിബയോട്ടിക്കുകൾ നൽകിയത്. അപ്പോഴേക്കും രോഗം ശരീരത്തിൽ വ്യാപിച്ചു കഴിഞ്ഞിരുന്നു. രവീന്ദറിന്റെ സഹോദരിയും ഐ.സി.യു. നഴ്സുമായ കിരൺജിത് കൗർ വീഡിയോ കോൾ വഴി സഹോദരിയുടെ അവസ്ഥ മനസ്സിലാക്കി സെപ്റ്റിക് ഷോക്കാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ആശുപത്രി ജീവനക്കാർ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
സംഭവം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ഗുരീന്ദർ സിദ്ദു കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ, കോളേജ് ഓഫ് നഴ്സസ് ഓഫ് ഒന്റാറിയോ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും, ഇനി ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഗുരീന്ദർ ആവശ്യപ്പെടുന്നു. മൂന്ന് കുട്ടികളുടെ ഏക രക്ഷിതാവായി മാറിയ ഗുരീന്ദർ തന്റെ ഭാര്യയുടെ ഓർമ്മകൾ നിലനിർത്താൻ ഈ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.



