വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ നടന്ന ‘നോ കിംഗ്‌സ് ഡേ ഓഫ് പീസ്ഫുൾ ആക്ഷൻ’ (No Kings Day of Peaceful Action) പ്രക്ഷോഭം യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ പ്രകടനങ്ങളിലൊന്നായി. രാജ്യത്തുടനീളമുള്ള 2,700-ൽ അധികം നഗരങ്ങളിലും ടൗണുകളിലുമായി ഏകദേശം 70 ലക്ഷത്തോളം (7 മില്യൺ) അമേരിക്കക്കാർ പ്രതിഷേധത്തിൽ അണിനിരന്നു.
ജൂണിൽ നടന്ന ആദ്യ പ്രക്ഷോഭത്തേക്കാൾ 20 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണ പങ്കെടുത്തത്. ട്രംപിന്റെ രണ്ട് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകളിലെ പങ്കാളിത്തത്തേക്കാൾ 14 മടങ്ങ് വലുതായിരുന്നു ഈ പ്രകടനം. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കും ‘ഏകാധിപത്യ’ പ്രവണതകൾക്കും എതിരായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. “ഈ രാജ്യം ജനങ്ങളുടേതാണ്, രാജാക്കന്മാരുടേതല്ല” എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ട്രംപ് ഭരണകൂടത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്യുന്നതിനെതിരെയും, ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധമുയർന്നു.
റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സർക്കാർ അടച്ചുപൂട്ടൽ കാരണം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ശമ്പളം ലഭിക്കാതെയും അവശ്യസേവനങ്ങൾ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ കർശനമാക്കൽ, നഗരങ്ങളിൽ ഫെഡറൽ സേനയെ വിന്യസിക്കൽ, ആരോഗ്യ സംരക്ഷണം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത വിവിധ പ്രമുഖ സംഘടനകളുടെ നേതാക്കൾ ശക്തമായ പ്രതികരണങ്ങൾ രേഖപ്പെടുത്തി. “രാജാവാകാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ ഈ രാജ്യത്ത് രാജാക്കന്മാരില്ല,” എന്ന് ഇൻഡിവിസിബിളിന്റെ സഹസ്ഥാപകരായ എസ്റാ ലെവിനും ലിയാ ഗ്രീൻബെർഗും പറഞ്ഞു. ഞങ്ങളുടെ ഒന്നാം ഭേദഗതി അവകാശങ്ങൾ സമാധാനപരമായി വിനിയോഗിച്ചുകൊണ്ട്, രാജ്യസ്‌നേഹപരമായ കാര്യമാണ് ഞങ്ങൾ ചെയ്തത്. പ്രസിഡന്റിന്റെ അധികാര ദുർവിനിയോഗത്തെ തങ്ങൾ ചോദ്യം ചെയ്യും,” എന്ന് എ.സി.എൽ.യു. (അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ) അറിയിച്ചു. “തങ്ങൾ രാജാവിനോടല്ല, ഭരണഘടനയോടാണ് കൂറ് പ്രതിജ്ഞ ചെയ്തത്. അമേരിക്കയിൽ രാജാക്കന്മാരില്ലെന്ന് ഞങ്ങൾ ഉറക്കെ പറയുന്നു എന്ന് യുഎസ് ആർമി വെറ്ററനും കോമൺ ഡിഫൻസ് ഡയറക്ടറുമായ നവീദ് ഷാ പറഞ്ഞു.
ഗ്രാമപ്രദേശങ്ങൾ മുതൽ പ്രധാന മെട്രോ നഗരങ്ങളിൽ വരെ പ്രതിഷേധം അലയടിച്ചു. സമാധാനപരവും നിയമപരവുമായ ഈ പ്രകടനങ്ങൾ, തങ്ങളുടെ ജനാധിപത്യം ഒരു വ്യക്തിയുടെ കൈപ്പിടിയിലൊതുങ്ങാൻ അനുവദിക്കില്ലെന്ന അമേരിക്കൻ ജനതയുടെ ഉറച്ച സന്ദേശമാണ് ലോകത്തിന് നൽകിയത്.
nearly-7-million-people-attend-overwhelmingly-peaceful-no-kings-day-of-action
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



