യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകക്കിടയിൽ കാനഡയുടെ ഓട്ടോമൊബൈൽ മേഖലയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിംഗ്. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കുമെന്നും, ഫെഡറൽ ഏജൻസികൾ കാനഡയിൽ നിർമ്മിച്ച വാഹനങ്ങൾ മാത്രമേ വാങ്ങാവൂ എന്ന നിയമം കൊണ്ടുവരുമെന്നും സിംഗ് വാഗ്ദാനം ചെയ്തു. അതോടൊപ്പം കമ്പനികൾ നിർമാണ ഉപകരണങ്ങളുടെ പ്രൊഡക്ഷൻ കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റുന്നത് വിലക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിൻഡ്സറിൽ സിംഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടന്നത്. ചില കനേഡിയൻ ഇറക്കുമതികൾക്ക് കുറഞ്ഞ നികുതി നിരക്ക് ബാധകമാകാമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് സൂചിപ്പിച്ചിട്ടുണ്ട്. താരിഫ് നിയമങ്ങൾ മൂലം ഫാക്ടറികൾ അടച്ചു പൂട്ടേണ്ടി വന്നാൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ യൂണിഫോർ ഓട്ടോ യൂണിയൻ നേതാക്കളുമായി സിംഗ് കൂടിക്കാഴ്ച നടത്തി.
ചില തൊഴിലാളികൾ സിംഗിനെ സ്വാഗതം ചെയ്തപ്പോൾ, മറ്റു ചിലർ കൺസർവേറ്റീവുകൾക്കുള്ള പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണിയോട് സിംഗ് ആവശ്യപ്പെട്ടു. എൻഡിപി സർക്കാരിന് കീഴിൽ തൊഴിലാളികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎസ് നയങ്ങൾ കാനഡയുടെ ഓട്ടോമൊബൈൽ വ്യവസായത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സിംഗിന്റെ പ്രഖ്യാപനങ്ങൾ വിരൽ ചൂണ്ടുന്നത്.


