കോഴിക്കോട്; ഹൈലൈറ്റ് മാളിൽ നടന്ന പുതിയ ചിത്രമായ “പാതിരാത്രി” യുടെ പ്രൊമോഷൻ പരിപാടിക്കിടെ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളെ തടഞ്ഞ് നടൻ സൗബിൻ ഷാഹിർ. സൗബിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. ഈ സംഭവം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്, ഒപ്പം സൗബിന് അഭിനന്ദന പ്രവാഹവും.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്ക് ശേഷം നവ്യയും സൗബിൻ ഷാഹിറും ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ മാളിൽ നിന്നും മടങ്ങുകയായിരുന്നു. താരങ്ങളെ ഒരു നോക്ക് കാണാനായി അവിടെ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഈ തിക്കിലും തിരക്കിലും വെച്ചാണ് ആൾക്കൂട്ടത്തിൽ നിന്നൊരാൾ നടിയെ സ്പർശിക്കാൻ ശ്രമിച്ചത്.
ഈ സമയം, നവ്യക്ക് തൊട്ടുപിന്നാലെ നടക്കുകയായിരുന്ന സൗബിൻ ഷാഹിർ പെട്ടെന്ന് പ്രതികരിച്ചു.
നടിക്ക് നേരെ നീണ്ട ആ കൈ സൗബിൻ തട്ടിമാറ്റുകയും നവ്യക്ക് സുരക്ഷിതമായി മുന്നോട്ട് നടക്കാൻ അവസരമൊരുക്കുകയും ചെയ്തു. സംഭവത്തിൽ ഞെട്ടിയെങ്കിലും പതറാതെ ശക്തമായ ഒരു നോട്ടത്തോടെയാണ് നവ്യ ഈ സാഹചര്യത്തെ നേരിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. നടന്റെ ഈ സ്വാഗതാർഹമായ ഇടപെടൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയായി. പൊതുവേദികളിൽ സെലിബ്രിറ്റികൾ, പ്രത്യേകിച്ച് നടിമാർ നേരിടുന്ന അതിക്രമങ്ങളിലേക്കാണ് ഈ സംഭവം വീണ്ടും വിരൽ ചൂണ്ടുന്നത്.
എന്നാൽ, ഒട്ടും മടിച്ച് നിൽക്കാതെ രക്ഷകന്റെ റോളിൽ എത്തിയ സൗബിൻ ഷാഹിറിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്. തിരക്കിനിടയിലും സഹപ്രവർത്തകയുടെ സുരക്ഷ ഉറപ്പാക്കിയ സൗബിന്റെ മനോഭാവത്തെ ഏവരും പ്രശംസിക്കുന്നു. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഒക്ടോബർ 17-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. നവ്യ നായരും സൗബിൻ ഷാഹിറും പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
‘Navya, Soubin responds!’; Bad behavior towards the actress during ‘Parthirathri’ promotions; Response to those who harassed her!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



