കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) നിന്ന് അടിയന്തരമായി തിരിച്ചെത്തിച്ച നാസയുടെ ക്രൂ-11 ദൗത്യസംഘം സുരക്ഷിതരായി ഭൂമിയിലിറങ്ങി. ഒരു സഞ്ചാരിക്കുണ്ടായ പെട്ടെന്നുള്ള ആരോഗ്യപ്രശ്നത്തെ തുടർന്ന് നടത്തിയ ഈ അടിയന്തര മടക്കം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ആദ്യ സംഭവമാണ്. അസുഖബാധിതനായ സഞ്ചാരിയടക്കം നാലുപേരും സുരക്ഷിതരാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ അറിയിച്ചു.
ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചയോടെ കാലിഫോർണിയ തീരത്താണ് സ്പേസ് എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം സമുദ്രത്തിൽ പതിച്ചത്. പുലർച്ചെ ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്കിങ് പ്രക്രിയ പൂർത്തിയാക്കി പുറപ്പെട്ട പേടകം, ഏകദേശം 10 മണിക്കൂർ എടുത്താണ് ഭൂമിയിലെത്തിയത്. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകം ഐ.എസ്.എസിൽ നിന്ന് വേർപ്പെട്ടത്. പസഫിക് സമുദ്രത്തിൽ നിശ്ചയിച്ച സ്ഥാനത്തിറങ്ങിയ പേടകത്തെ സ്പേസ് എക്സിന്റെ പ്രത്യേക സംഘം ഉടൻ തന്നെ വീണ്ടെടുത്ത് യാത്രികരെ കരയിലെത്തിച്ചു.
നിലവിൽ നാല് സഞ്ചാരികളെയും വിദഗ്ധ പരിശോധനകൾക്കായി സാൻ ഡിയാഗോയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യപ്രശ്നമുള്ള വ്യക്തിക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകും. ഒരു രാത്രി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ഇവരെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായി ദൗത്യം പൂർത്തിയാക്കിയ നാസ, സ്പേസ് എക്സ് സംഘങ്ങളെ ജാറെഡ് ഐസക്മാൻ അഭിനന്ദിച്ചു.
2025 ഓഗസ്റ്റ് ഒന്നിനാണ് ആറ് മാസത്തെ ദൗത്യത്തിനായി ക്രൂ-11 സംഘം ബഹിരാകാശത്തേക്ക് തിരിച്ചത്. 2026 ഫെബ്രുവരിയിൽ മടങ്ങാനായിരുന്നു മുൻനിശ്ചയിച്ചിരുന്നതെങ്കിലും, പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിയുടെ ആരോഗ്യനില മോശമായതോടെ യാത്ര നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയന്തര സാഹചര്യത്തിലും അതീവ കൃത്യതയോടെ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് നാസ വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
NASA's Crew-11 mission returns to Earth; emergency reentry successful



