ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ 50 ഡോളറിന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ കോൾചെസ്റ്റർ, ഈസ്റ്റ് ഹാൻഡ്സ്, വെസ്റ്റ് ഹാൻഡ്സ്, കിംഗ്സ്, ലുനൻബർഗ് എന്നീ കൗണ്ടികളിൽ നിന്നായി എട്ടോളം പരാതികളാണ് പോലീസിന് ലഭിച്ചത്. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായാണ് ഈ വ്യാജ നോട്ടുകൾ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
യഥാർത്ഥ നോട്ടുകളോട് അങ്ങേയറ്റം സാമ്യമുള്ള ‘ഹൈ-ക്വാളിറ്റി’ വ്യാജ നോട്ടുകളാണ് ഇവയെന്ന് പോലീസ് പറയുന്നു. ഒറിജിനൽ നോട്ടുകളിൽ ഉപയോഗിക്കുന്നതിന് സമാനമായ പ്ലാസ്റ്റിക് മെറ്റീരിയലിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നോട്ടുകളിലെ സുരക്ഷാ സംവിധാനമായ ഹോളോഗ്രാഫിക് സ്റ്റിക്കറുകൾ പോലും കൃത്യമായി അനുകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വ്യാജ നോട്ടുകളിലെ ഹോളോഗ്രാഫിക് സ്ട്രിപ്പുകൾ കൈകൊണ്ട് ഇളക്കി മാറ്റാൻ സാധിക്കുമെന്നതാണ് പ്രധാന തിരിച്ചറിയൽ മാർഗ്ഗം. കൂടാതെ, പിടിച്ചെടുത്ത നോട്ടുകൾക്കെല്ലാം ഒരേ സീരിയൽ നമ്പറാണുള്ളതെന്നും പോലീസ് കണ്ടെത്തി.
കൈമാറ്റം ചെയ്യപ്പെടുന്ന നോട്ടുകൾ നിയമപരമാണെന്ന് ഉറപ്പുവരുത്താൻ നോവ സ്കോഷ്യ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. ബാങ്ക് നോട്ടുകളുടെ സുരക്ഷാ ഫീച്ചറുകൾ എങ്ങനെ പരിശോധിക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് ഓഫ് കാനഡയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. സംശയാസ്പദമായ രീതിയിൽ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.S. RCMP says counterfeit $50 bank notes circulating in province



