2024-ൽ സെന്റ് ജോൺസ് അന്താരാഷ്ട്ര വിമാനത്താവളം 1.4 ദശലക്ഷം യാത്രക്കാരെ സേവിച്ച്, കോവിഡ്-19 മഹാമാരിയ്ക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തി. 2023-നെക്കാൾ 9.4% വര്‍ദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളം നിയന്ത്രിക്കുന്ന അധികൃതരായ സെന്റ് ജോൺസ് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുടെ മേധാവി ഡെന്നിസ് ഹോഗൻ പറയുന്നതു പ്രകാരം, ഈ വളർച്ച ഭാവിയിലേക്കുള്ള പ്രതീക്ഷകൾക്ക് അടിത്തറയിടുന്നു.കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, മോൺട്രിയൽ, കാൽഗറി, വാൻകൂവർ എന്നിവയുമായി നിലവിൽ സജീവമായി വിമാന സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. കൊവിഡിന്റെ ആഘാതം മൂലം വൈകിയെങ്കിലും, പുതിയ റുട്ടുകൾ പുനഃസജ്ജമാക്കുന്നതിൽ വിമാനത്താവളം വിജയിച്ചിരിക്കുകയാണ്.
“ഈ വർദ്ധനവ് ഭാവിയിലെ വളർച്ചയ്ക്ക് ശുഭസൂചന നൽകുന്നു, എന്നാൽ കാനഡയിലും ആഗോളതലത്തിലുമുള്ള സാമ്പത്തിക അനിശ്ചിതത്വം ഭാവിയിലെ യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കാം,” എന്ന് സെന്റ് ജോൺസ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയുടെ CEO ഡെന്നിസ് ഹോഗൻ പറഞ്ഞു. അമേരിക്കയിലേക്കുള്ള റൂട്ടുകൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെങ്കിലും, വ്യാപാര സംഘർഷങ്ങൾ കാരണം ഇത് വൈകുന്നു. 2025 ഓഗസ്റ്റിൽ സെന്റ് ജോൺസിൽ നടക്കുന്ന കാനഡ സമ്മർ ഗെയിംസ് വിമാനത്താവളത്തിന് കൂടുതൽ ആകർഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഗാണ്ടർ അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സാവധാനമുള്ള തിരിച്ചുവരവാണ് കാണിക്കുന്നത്. 2024-ൽ 115,978 യാത്രക്കാരെ സ്വീകരിച്ച ഗാണ്ടർ വിമാനത്താവളം 2023-നെ അപേക്ഷിച്ച് 6.5% വർദ്ധനവ് കാണിച്ചെങ്കിലും, ഇത് മഹാമാരിക്ക് മുമ്പുള്ള എണ്ണത്തിൽ നിന്ന് 33% കുറവാണ്. ഗാണ്ടർ വിമാനത്താവളത്തിന് 2025 വേനൽക്കാലത്ത് എയർ കാനഡയുടെ അധിക ടൊറന്റോ ഫ്ലൈറ്റ്, PAL-ന്റെ പുതിയ അന്തർ-പ്രവിശ്യാ സർവീസ്, ലാബ്രഡോറിലേക്കുള്ള വിപുലീകരിച്ച കണക്ഷനുകൾ എന്നിവയുടെ പ്രയോജനം ലഭിക്കും. പ്രവിശ്യയിലെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗാണ്ടറിന്റെ തിരിച്ചുവരവ് ചെറിയ ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്. എങ്കിലും, ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലുമുള്ള വിമാനയാത്രാ രംഗം തുടർച്ചയായി ശക്തിപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.



