മിരാമിചി: ന്യൂ ബ്രൺസ്‌വിക്കിലുള്ള പ്രധാന പാലങ്ങളിൽ ഒന്നായ സെന്റെനിയൽ പാലം അറ്റകുറ്റപ്പണികൾക്കായി ദീർഘകാലത്തേക്ക് അടച്ചിടുന്നു. പാലത്തിന്റെ ഉപരിതലം (Deck) മാറ്റിസ്ഥാപിക്കുന്ന ജോലികൾക്കായാണ് ഈ വർഷം ഏപ്രിൽ 1 മുതൽ ഡിസംബർ 1 വരെ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നത്. 2026-ലും 2027-ലും ഇതേ കാലയളവിൽ പാലം അടച്ചിടുമെന്ന് ഗവൺമെന്റ് അറിയിച്ചു.
മിരാമിചി നദിക്ക് കുറുകെയുള്ള 1.1 കിലോമീറ്റർ നീളമുള്ള ഈ കൂറ്റൻ പാലം റൂട്ട് 8, റൂട്ട് 11 എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. വർഷങ്ങളായി പാലം അടച്ചിടുന്നതിനെക്കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. എന്നാൽ ഇത്തവണ പദ്ധതി പൂർത്തിയാക്കാൻ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് ഗതാഗത മന്ത്രി ചക്ക് ചിയാസൺ അറിയിച്ചു. പാലം അടയ്ക്കുന്നതിലൂടെ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലം അടച്ചിടുന്ന സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നദിക്ക് അക്കരെയുമിക്കരെയുമായി പ്രത്യേക ഫയർ, പോലീസ് സേവനങ്ങളും ഈ വേനൽക്കാലത്ത് വാട്ടർ ടാക്സി സൗകര്യവും സർക്കാർ ഏർപ്പെടുത്തും. പാലം പണിയെക്കുറിച്ചും യാത്രാക്ലേശം കുറയ്ക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിക്കാനായി ഫെബ്രുവരി 26-ന് മിരാമിചി അഗ്രികൾച്ചറൽ എക്സിബിഷൻ അസോസിയേഷനിൽ വെച്ച് ഒരു പൊതുസംഗമം (Open House) സംഘടിപ്പിക്കുന്നുണ്ട്. മിരാമിചിയിലെ ജനജീവിതത്തെ വരും മാസങ്ങളിൽ ഈ നിയന്ത്രണം വലിയ തോതിൽ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
N.B. Centennial Bridge to be closed for deck replacement from April to December



