നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ലാൻസ്‌ഡൗൺ സ്റ്റേഷൻ പ്രദേശത്ത് നിന്ന് കാണാതായ ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും നാല് വയസ്സുകാരനായ ജാക്ക് സള്ളിവനെയും കണ്ടെത്താനായുള്ള കഡാവർ ഡോഗുകളുടെ തിരച്ചിലിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്ന് RCMP അറിയിച്ചു. സെപ്റ്റംബർ അവസാന വാരം രണ്ട് ഡോഗ് ടീമുകളാണ് ഇവിടെ 40 കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തിയത്. കുട്ടികളെ കാണാതായ സ്ഥലവും സമീപത്തെ പൈപ്പ്‌ലൈൻ പ്രദേശങ്ങളും, അവർ പോയ വഴികളും, മുൻപ് ഒരു പിങ്ക് പുതപ്പ് കണ്ടെത്തിയ സ്ഥലവും ഉൾപ്പെടെയാണ് പോലീസ് ഡോഗുകളായ നാർക്കും കിറ്റും പരിശോധിച്ചത്. കുട്ടികളെ കണ്ടെത്താൻ ഏറ്റവുമധികം സാധ്യതയുള്ള ഈ പ്രദേശങ്ങളിൽ പരിശോധിച്ചിട്ടും അവരെ കണ്ടെത്താനായില്ല.
പോലീസ് ഡോഗ് സർവീസസ് ട്രെയിനിംഗ് സെന്ററിലെ സ്റ്റാഫ് സർജന്റ് സ്റ്റീഫൻ പൈക്ക് പറയുന്നതനുസരിച്ച്, ഈ ഡോഗുകൾക്ക് മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങളുടെ മണം കൃത്യമായി തിരിച്ചറിയാൻ പരിശീലനം ലഭിച്ചതാണ്. അതുകൊണ്ട് തന്നെ ഡോഗുകൾക്ക് യാതൊരു സൂചനയും ലഭിച്ചില്ലെങ്കിൽ, ‘അവിടെ മൃതദേഹത്തിന്റെ മണമോ സാന്നിധ്യമോ ഇല്ല’ എന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. എങ്കിലും, തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ മൃതദേഹാവശിഷ്ടങ്ങൾ ഇല്ലെന്ന് ഇതിനർത്ഥമല്ല. മണം അവിടെ ഉണ്ടായിട്ടും ഡോഗുകൾക്ക് തിരിച്ചറിയാൻ കഴിയാത്തതോ അല്ലെങ്കിൽ അവിടെ മണമില്ലാത്തതോ ആവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ കാണാതായതിനെ തുടർന്ന്, മേയ് മാസത്തിന്റെ തുടക്കത്തിൽ വലിയ തോതിലുള്ള ഒരു തിരച്ചിൽ ആരംഭിച്ചിരിന്നു. 8.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നടത്തിയ ഈ തിരച്ചിൽ പ്രവർത്തനങ്ങളിൽ 160-ഓളം സന്നദ്ധ പ്രവർത്തകർക്ക് പുറമെ പരിശീലനം ലഭിച്ച ഡോഗുകൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയും ഉപയോഗപ്പെടുത്തി. കാണാതായ കുട്ടികളെക്കുറിച്ച് ലഭിച്ച 860-ൽ അധികം വിവരങ്ങളും, പരിശോധിച്ച 8,060 വീഡിയോകളും, മറ്റ് ഫോറൻസിക് പരിശോധനകളും പോലീസ് ഇപ്പോഴും വിശദമായി പഠിക്കുകയും അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മേജർ ക്രൈം വിഭാഗ ഓഫീസർ ഇൻ ചാർജ് ആയ സ്റ്റാഫ് സർജന്റ് റോബ് മക്കമോണിൻ്റെ വിശദീകരണം അനുസരിച്ച്, അന്വേഷണത്തിൽ ലഭിക്കുന്ന ഓരോ വിവരവും തങ്ങളുടെ തുടർനടപടികൾ തീരുമാനിക്കുന്നതിന് നിർണായകമാണ്.കുട്ടികളെ കാണാതായ സാഹചര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
40-kilometer search for Nova Scotia children; Cadaver dogs fail to provide clues; Mystery grows!



