അടുത്തിടെ യുഎസ് രാഷ്ട്രീയത്തിൽ സംഭവിച്ച ഒരു പ്രധാന വഴിത്തിരിവാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്കും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വേർപിരിഞ്ഞത്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പിന്തുണക്കാരനും സാമ്പത്തിക സഹായം നൽകിയ ആളുമായിരുന്നു മസ്ക്. എന്നാൽ ഇപ്പോൾ, പ്രസിഡന്റിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസാക്കുകയാണെങ്കിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്ക് അറിയിച്ചിരിക്കുകയാണ്.
‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ ‘കടം അടിമത്ത ബിൽ’ എന്ന് വിശേഷിപ്പിച്ചാണ് ഇലോൺ മസ്ക് രംഗത്തെത്തിയത്. ഈ ബിൽ രാജ്യത്തിന്റെ കടഭാരം വർദ്ധിപ്പിക്കുമെന്നും, ഫെഡറൽ കമ്മി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
കൂടാതെ അമേരിക്കയിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പുറമെ ഒരു ബദൽ രാഷ്ട്രീയ ശക്തി വേണമെന്നും, ജനങ്ങൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകണമെന്നും മസ്ക് പറഞ്ഞു.
രണ്ടുപേരും തമ്മിലുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായത് ട്രംപിന്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായ ഈ നിയമ നിർമ്മാണത്തെ ചൊല്ലിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായപ്പോൾ, ജെഫ്രി എപ്സ്റ്റീൻ ലൈംഗികാരോപണ കേസുമായി ട്രംപിനെ ബന്ധപ്പെടുത്തി മസ്ക് രംഗത്ത് വന്നിരുന്നു, ഇത് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലേക്ക് നയിച്ചു.
ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം സംഭാവന നൽകിയ മസ്ക്, പ്രസിഡന്റിയൽ ഉദ്ഘാടനത്തിനുശേഷം ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിന്റെ മുഖ്യ ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്നു. എന്നാൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള അദ്ദേഹത്തിന്റെ പരിഷ്കാര നയങ്ങൾ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു, ഒടുവിൽ അഭിപ്രായഭിന്നതയെ തുടർന്ന് ഡോജിന്റെ നേതൃസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു.



