ചെന്നൈ: അഞ്ഞൂറിലധികം സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച പ്രശസ്ത സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി ചെന്നൈ കേന്ദ്രീകരിച്ച് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെയാണ് വിടപറഞ്ഞത്.
1971-ൽ ഗിറ്റാറിസ്റ്റായി സംഗീത ജീവിതം ആരംഭിച്ച അദ്ദേഹം 1981-ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. മലയാളത്തിൽ രാഘവൻ മാസ്റ്റർ, എ.ടി. ഉമ്മർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം സഹായിയായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സ്വതന്ത്ര നിരയിലേക്ക് ഉയർന്നത്. സംവിധായകരായ തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുമായുള്ള കൂട്ടുകെട്ടാണ് വെങ്കിടേഷിനെ മലയാള സിനിമയിലെ തിരക്കുള്ള സംഗീതജ്ഞനാക്കി മാറ്റിയത്.
തൊണ്ണൂറുകളിൽ മലയാള ചലച്ചിത്ര സംഗീത രംഗത്ത് വിപ്ലവം സൃഷ്ടിച്ച നിരവധി ഹിറ്റുകൾ അദ്ദേഹത്തിന്റേതായുണ്ട്. കിലുക്കം, ധ്രുവം, ദേവാസുരം, സ്ഫടികം, മിന്നാരം, മണിച്ചിത്രത്താഴ് (പശ്ചാത്തല സംഗീതം) തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വിണ്ണിലെ ഗന്ധർവ വീണകൾ’, ‘ശാന്തമീ രാത്രിയിൽ’, ‘പാതിരാക്കിളി വരൂ’ തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചത് അദ്ദേഹമാണ്.
ഗിറ്റാർ, മാൻഡലിൻ വായനയിലെ മികവും പാശ്ചാത്യ-പൗരസ്ത്യ സംഗീത ശൈലികളുടെ സമന്വയവും അദ്ദേഹത്തിന്റെ സംഗീതത്തെ വേറിട്ടു നിർത്തി. ആക്ഷൻ ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയ വശ്യമായ പശ്ചാത്തല സംഗീതം ഇന്നും സിനിമാ പ്രേമികൾക്കിടയിൽ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Music director S.P. Venkatesh passes away


