എഡ്മന്റൺ: എഡ്മന്റൺ ഹൈവേയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം പ്രതിയെയും പോലീസ് പിടികൂടി. എഡ്മന്റൺ സ്വദേശിയായ 23 വയസ്സുകാരൻ ഡിയോൺ ലിബ്സെക്കലിനെയാണ് ആൽബർട്ട RCMP അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരനായ ജിമ്മി ഗാസ്നറെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 14-ന് ലെഡൂക്കിന് സമീപം ഹൈവേ 2-ലൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് 22 വയസ്സുകാരനായ ബിരീന്ദർ സിംഗിന് വെടിയേറ്റത്. മറ്റൊരു വാഹനത്തിൽ എത്തിയവർ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ബിരീന്ദർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പട്ടാപ്പകൽ തിരക്കേറിയ ഹൈവേയിൽ നടന്ന ഈ കൊലപാതകം ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
അതേസമയം ഈ ആക്രമണത്തിന് പിന്നിൽ വംശീയമായ കാരണങ്ങളില്ലെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അത്തരത്തിലുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് സ്റ്റാഫ് സർജന്റ് ജോൺ ബ്രൗൺ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ട ബിരീന്ദറും തമ്മിൽ മുൻപരിചയമില്ലെന്നും യാദൃശ്ചികമായി നടന്ന ഒരു അക്രമമാണിതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതി ലിബ്സെക്കലിനെ ലെഡൂക്കിലെ കോടതിയിൽ ഹാജരാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Murder of Indian student in Edmonton; Second suspect arrested



