റാഞ്ചി: ക്രിക്കറ്റ് പിച്ചിലെ വേഗത കൊണ്ട് ലോകത്തെ അമ്പരപ്പിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് റാഞ്ചിയിലെ നിരത്തുകളിൽ വേഗത കൂടിയപ്പോൾ കിട്ടിയത് എട്ടിന്റെ പണി. സ്വന്തം നാടായ റാഞ്ചിയിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് താരത്തിന് 1000 രൂപ പിഴ ശിക്ഷ ലഭിച്ചു. നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് ക്യാമറയിലാണ് ധോണിയുടെ നിയമലംഘനം കുടുങ്ങിയത്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുള്ള ധോണി അന്ന് ഏത് വാഹനമാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ലെങ്കിലും മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം താരത്തിന് ഇ–ചലാൻ ലഭിച്ചുകഴിഞ്ഞു.
അടുത്തിടെ ധോണിയെ തേടിയെത്തുന്ന രണ്ടാമത്തെ നിയമപ്രശ്നമാണിത്. നേരത്തെ റാഞ്ചിയിലെ തന്റെ റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് ഹൗസിങ് ബോർഡ് ധോണിക്ക് നോട്ടീസ് നൽകിയിരുന്നു. ഐപിഎൽ 2026 സീസണിനായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് താരത്തിന് ഈ തിരിച്ചടികൾ നേരിടുന്നത്.
അതേസമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ വലിയ ആകാംക്ഷയിലാണ്. 44 വയസ്സുകാരനായ ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. ഇതിഹാസ താരം വിരമിക്കുമ്പോൾ ആ വിടവ് നികത്താൻ മലയാളി താരം സഞ്ജു സാംസണെ 18 കോടി രൂപയ്ക്ക് ചെന്നൈ ടീമിലെത്തിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ധോണിയുടെ പിൻഗാമിയായി സഞ്ജു ഈ സീസണിൽ തന്നെ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രായത്തിന്റെ പരിമിതികൾ കണക്കിലെടുത്ത് എല്ലാ മത്സരങ്ങളിലും ധോണി വിക്കറ്റ് കീപ്പറായി എത്തിയേക്കില്ല എന്നതിനാൽ സഞ്ജുവിന് ചെന്നൈ നിരയിൽ ഇത്തവണ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MS Dhoni fined for speeding in Ranchi, caught on camera



