ഒട്ടാവ: യുഎസ് വിരുദ്ധ നിലപാടുകളുടെ പേരിൽ കാനഡ പടവെട്ടുന്നത് അവസാനിപ്പിക്കണമെന്ന പാർട്ടി എംപിയുടെ പ്രസ്താവനയെ തള്ളി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ ‘അമേരിക്കൻ വിരുദ്ധ വാശി’ (Anti-America hissy fit) എന്ന് വിശേഷിപ്പിച്ച ജാമിൽ ജിവാനി എംപിയുടെ അഭിപ്രായത്തോടു താൻ യോജിക്കുന്നില്ലെന്ന് പൊയിലീവ് വ്യക്തമാക്കി. ഡോണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ കടുത്ത താരിഫുകളിൽ കാനഡക്കാർക്ക് ന്യായമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പാർലമെന്റ് ഹില്ലിൽ മാധ്യമങ്ങളോട് പറഞ്ഞു.
വാഷിംഗ്ടണിൽ ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജാമിൽ ജിവാനി സ്വന്തം സർക്കാരിനെതിരെ വിവാദ പരാമർശം നടത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ അടുത്ത സുഹൃത്തായ ജിവാനി, ട്രംപുമായും ചർച്ചകൾ നടത്തിയതായി സൂചിപ്പിച്ചിരുന്നു. കാനഡ സ്വന്തം കാലിൽ വെടിവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിൽ മാറ്റം വരുത്താനാണ് താൻ ശ്രമിക്കുന്നതെന്നുമാണ് ജിവാനി പറഞ്ഞത്. എന്നാൽ ഈ സന്ദർശനം വ്യക്തിപരമാണെന്നും ജിവാനി സംസാരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നത് താനാണെന്നും പൊയിലീവ് ഇതേക്കുറിച്ച് പ്രതികരിച്ചു.
നിലവിൽ കാനഡയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷം പുനഃപരിശോധിക്കേണ്ട കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ നിന്ന് ട്രംപ് പിന്മാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ ഭിന്നത പുറത്തുവരുന്നത്. യുഎസ് നയങ്ങളിൽ നിന്ന് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ശ്രമം. താരിഫുകളെ ചെറുക്കാനും കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും എല്ലാ എംപിമാരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും പിയറി പൊയിലീവ് ആഹ്വാനം ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MP Jamil Jiwani’s ‘anti-American’ remark: Pierre Poileev clarifies position; Division in Conservative Party?



