മോൺട്രിയലിലെ ലാച്ചൈൻ ബറോയിൽ ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം. 34 വയസ്സുള്ള ഒരു സ്ത്രീയേയും അവരുടെ മൂന്ന് വയസ്സുള്ള മകനേയും ഒരു റെസിഡൻഷ്യൽ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രൊവോസ്റ്റ് സ്ട്രീറ്റിന് സമീപമുള്ള 20-ാം അവന്യൂവിൽ വെച്ച് ചൊവ്വാഴ്ച്ച രാത്രി 9:35-ഓടെയാണ് സംഭവം. അടിയന്തര സഹായം ആവശ്യപ്പെട്ട് 911-ലേക്ക് ലഭിച്ച വിവരത്തെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി.
സംഭവസ്ഥലത്തെത്തിയപ്പോൾ ബോധരഹിതരായ നിലയിലാണ് രണ്ട് പേരെയും കണ്ടെത്തിയതെന്ന് മോൺട്രിയൽ പോലീസ് വക്താവ് കരോലിൻ ഷെവ്രെഫിൽസ് അറിയിച്ചു. അടിയന്തര വൈദ്യസഹായം എന്ന നിലയ്ക്ക് ഇരുവരെയും രക്ഷിക്കാൻ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിന് ശേഷം, സംഭവത്തിൽ സംശയാസ്പദമായ ഒന്നും തന്നെ ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇത് ഒരു അപകട മരണമാണെന്ന് ഷെവ്രെഫിൽസ് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കേസ് കൊറോണറുടെ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.



